കൈനകരിയിലെ കുടിവെള്ളക്ഷാമം: കളക്ടറേറ്റിൽ യോഗം ചേർന്നു
1482692
Thursday, November 28, 2024 5:16 AM IST
മങ്കൊമ്പ്: കൈനകരിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ജില്ലാ കളക്ടറുടെ ചേംബറിൽ യോഗം ചേർന്നു. തോമസ് കെ. തോമസ് എംഎൽഎയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. പ്രദേശത്തെ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി വേണമെന്ന് യോഗത്തിൽ തീരുമാനമായതായി എംഎൽഎയുടെ ഓഫീസ് അറിയിച്ചു.
പള്ളാത്തുരുത്തിയിലെ പമ്പ് ഹൗസിൽ പുതുതായി സ്ഥാപിച്ച കുഴൽക്കിണർ അടുത്തദിവസം പ്രവർത്തനം ആരംഭിക്കാൻ തീരുമാനിച്ചു. മുണ്ടയ്ക്കൽ ടാങ്കിലേക്ക് വെള്ളം എത്തിക്കുന്നതിനായി കാര്യക്ഷമത കൂടിയ മോട്ടോർ വാങ്ങും. നിലവിലുള്ള മോട്ടോറിന്റെ കുതിരശക്തി കുറവായതിനാൽ മുണ്ടയ്ക്കൽ ടാങ്കിലേക്ക് സമയബന്ധിതമായി വെള്ളമെത്തിക്കാൻ കഴിഞ്ഞിരുന്നില്ല.
ജലവിതരണം നടത്തുന്ന പൈപ്പ് ലൈനുകളിലെ അറ്റകുറ്റപ്പണിയും വരും ദിവസങ്ങളിൽ പൂർത്തിയാക്കാനാണ് തീരുമാനം. ആലപ്പുഴയിൽനിന്നും വിതരണം ചെയ്യുന്ന വെള്ളം നടുത്തുരുത്തിൽനിന്നും കുപ്പപ്പുറം പ്രദേശത്തേക്ക് എത്തിക്കുന്നതിനും നടപടി സ്വീകരിക്കും.
പള്ളാത്തുരുത്തിയിൽ പ്രവർത്തിച്ചിരുന്ന മൂന്നു കുഴൽക്കിണറുകളിൽനിന്നായിരുന്നു കൈനകരി ഗ്രാമപഞ്ചായത്തിലെ ശുദ്ധജല വിതരണം നടത്തി വന്നിരുന്നത്. എംഎൽഎ ഫണ്ടിൽനിന്നുള്ള തുകയുപയോഗിച്ചു പുതിയ മോട്ടോറുകളും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചിരുന്നു. ഇതിൽ പള്ളാത്തുരുത്തി പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് നടന്ന പൈലിംഗ് ജോലികളെതുടർന്ന് ഒരു ബോർവൽ പൂർണമായും ഉപയോഗശൂന്യമായതാണ് കൈനകരിയിൽ കുടിവെള്ള വിതരണം താറുമാറാക്കിയത്.
ജില്ലാ കളക്ടർ അലക്സ് വർഗീസ്, കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം.സി. പ്രസാദ്, സി.കെ. സദാശിവൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. പ്രമോദ്, ഗ്രാമപഞ്ചായത്തംഗം എ.ഡി. ആന്റ ണി, വാട്ടർ അഥോറിറ്റി എക്സിക്യൂട്ടീവ് എൻജിനിയർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
കുടിവെള്ള വിതരണ ചർച്ചയിൽ രാഷ്ട്രീയ മുതലെടുപ്പെന്ന്
മങ്കൊമ്പ്: കൈനകരിയിലെ കുടിവെള്ളക്ഷാമത്തിനു പരിഹാരം കാണുന്നതിനായി കളക്ടറുടെ ചേമ്പറിൽ നടന്ന ചർച്ചയിൽ ഭരണത്തിലിരിക്കുന്ന ഇടതുപക്ഷം രാഷ്ട്രീയം കളിക്കുന്നുവെന്ന് പ്രതിപക്ഷം. ചർച്ചയിൽ പ്രതിപക്ഷത്തെ ഒഴിവാക്കിയതിലൂടെ ഇടതുപക്ഷം തരംതാണ രാഷ്്ട്രീയക്കളിയാണ് നടത്തിയത്.
കുടിവെള്ള പ്രശന പരിഹാരത്തിനായി മുന്നിട്ടിറങ്ങിയ തന്നെ യോഗ വിവരം അറിയിക്കുക പോലും ചെയ്തില്ലെന്നു ആരോഗ്യ സ്്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നോബിൻ പി. ജോൺ കുറ്റപ്പെടുത്തി. സിബിഎൽ വള്ളംകളിയിൽ പങ്കെടുക്കാനെത്തിയപ്പോൾ കുടിവെള്ള പ്രശ്നം താൻ കളക്ടറുടെ ശ്രദ്ധയില്പ്പെടുത്തിയിരുന്നു.
അതിന്റെ അടിസ്ഥാനത്തിലാണ് കളക്ടർ യോഗം വിളിച്ചത്. എന്നാൽ, സിപിഎമ്മിന്റെ പഞ്ചായത്തംഗങ്ങൾ പോലും പങ്കെടുത്ത യോഗവിവരം തന്നെ അറിയിക്കാതിരുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം ആരോപിച്ചു.