റവന്യു ജില്ലാ സ്കൂൾ കലോത്സവം: ആറായിരത്തിലധികം വിദ്യാർഥികൾ പങ്കെടുക്കും
1482416
Wednesday, November 27, 2024 5:14 AM IST
കായംകുളം: റവന്യുജില്ലാ സ്കൂൾ കലോത്സവത്തിന് കായംകുളത്ത് വേദികൾ ഒരുങ്ങുന്നു. നാളെ രചനാ മത്സരങ്ങൾ ആരംഭിക്കും. കലോത്സവ രജിസ്ട്രേഷൻ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഗവൺമെന്റ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കും.
29 മുതൽ കായംകുളം നഗരത്തിലെ വിവിധ സ്കൂളുകളിലെ 13 വേദികളിലായി വിവിധ മത്സരങ്ങൾ ആരംഭിക്കും. 29 മുതൽ ഡിസംബർ 3 വരെയുള്ള ദിവസ ങ്ങളിൽ 3000 ത്തോളം കുട്ടികൾക്കാണ് ഭക്ഷണം ക്രമീകരിച്ചിരിക്കുന്നത്.
കായംകുളം എസ് എൻ വിദ്യാപീഠം ഗ്രൗണ്ടിലെ പ്രത്യേകം സജ്ജമാക്കിയ പന്തലിലാണ്. 316 ഇനങ്ങളിലായി ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് ആറായിരത്തിലധികം മത്സരാർഥികൾ കലോത്സവത്തിൽ പങ്കെടുക്കുമെന്ന് സംഘാടക സമിതി അറിയിച്ചു .
തുടക്കത്തിലേ കല്ലുകടി
കായംകുളം: ആലപ്പുഴ റവന്യുജില്ലാ കലോത്സവത്തിന്റെ തുടക്കത്തിലേ കല്ലുകടി. പരിപാടി വിശദീകരിക്കാൻ വിളിച്ച പത്രസമ്മേളനത്തിലും സംഘാടനത്തിലെ താളപ്പിഴകൾ പ്രകടമായി. ഇന്നലെ ഉച്ചയ്ക്ക് 12 .30 നാണ് കായംകുളം റസ്റ്റ് ഹൗസിൽ പത്രസമ്മേളനം വിളിച്ചത്.
സംഘാടക സമിതിയുടെ വർക്കിംഗ് ചെയർമാൻക ൂടിയായ കായംകുളം നഗരസഭാ ചെയർപേഴ്സൺ ഉൾപ്പെടെ മാധ്യമപ്രവർത്തകർ കൃത്യസമയത്ത് എത്തിയിട്ടും സംഘാടകസമിതി ചെയർമാൻ യു. പ്രതിഭ എംഎൽഎ ഉൾപ്പെടെയുള്ള ഭാരവാഹികളും ജില്ലാ വിദ്യാഭ്യാസ ഓഫീസറും വൈകിയാണ് എത്തിയത്.
ഇതേത്തുടർന്ന് റസ്റ്റ് ഹൗസിനു മുന്നിൽ അരമണിക്കൂർ കാത്തുനിന്ന നഗരസഭാ ചെയർപേഴ്സൺ പത്രസമ്മേളനത്തിൽ പങ്കെടുക്കാതെ മടങ്ങി. എല്ലാ മാധ്യമ പ്രവർത്തകരെയും പരിഗണിക്കാതെ പത്രസമ്മേളനം ആരംഭിച്ചതിനെതിരേ പ്രാദേശിക പത്രപ്രവർത്തകരും പ്രതിഷേധം അറിയിച്ചു.
സംഘാടനത്തിലെ താളപ്പിഴ ശ്രദ്ധയിൽപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇ. എസ് ശ്രീലത സംഘാടകർ പിരിഞ്ഞതിനുശേഷം എല്ലാവരോടും ക്ഷമ ചോദിച്ചു. എന്നാൽ ഇതു സംബന്ധമായി യാതൊരു വിവാദത്തിനും ഇല്ലെന്ന് നഗരസഭാ ചെയർപേഴ്സൺ പ്രതികരിച്ചു.