ചെങ്ങന്നൂരിൽ കട പൊളിച്ച് കവർച്ച; പ്രതി പിടിയിൽ
1482415
Wednesday, November 27, 2024 5:14 AM IST
ചെങ്ങന്നൂർ: ഐടിഐ ജംഗ്ഷനു സമീപമുള്ള സ്റ്റീൽസ് എന്ന കടയിൽനിന്ന് 40,000 രൂപ കവർച്ച നടത്തിയ പ്രതിയെ ചെങ്ങന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് ബേഡുൽ ജില്ലയിൽ ബഡ്ഗാവൻ മാന്ഡായിൽ താമസിക്കുന്ന ധന്‍രാജ് യദുവന്‍ഷി (25) ആണ് പിടിയിലായത്.
കഴിഞ്ഞ ഒക്ടോബർ 21നു വെളുപ്പിന് കടയുടെ പിൻവശത്തെ ടിൻഷീറ്റ് പൊളിച്ച് അകത്തുകയറി എംഡിയുടെ ക്യാബിനിലും കാഷ്യറുടെ മേശയിലുമായി സൂക്ഷിച്ചിരുന്ന പണമാണ് ഇയാൾ കവർന്നത്.
മറ്റൊരു കേസിൽ കൈനകരി പോലീസ് നേരത്തേ ഇയാളെ പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. കൂടുതൽ അന്വേഷണത്തിനായി ചെങ്ങന്നൂർ പോലീസ് ഇയാളെ കസ്റ്റഡിയിൽ വാങ്ങിയിരിക്കുകയാണ്.
മധ്യപ്രദേശിൽ മോഷണക്കേസിൽ പ്രതിയായ ധൻരാജ് കേരളത്തിലെ വിവിധ ജില്ലകളിൽ കവർച്ചകൾ നടത്തിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.