പടയോട്ട ഭൂമിയിൽ കൗമാരകലയ്ക്ക് നാളെ തിരിതെളിയും
1482688
Thursday, November 28, 2024 5:16 AM IST
കായംകുളം: കായംകുളം രാജാവ് വീരചരിത്രം സൃഷ്ടിച്ച കായംകുളത്തിന്റെ പടയോട്ട ഭൂമിയിൽ ഇനി കലയുടെ കേളികൊട്ട്. നാലുദിവസം കലയുടെ രാപകലുകൾ സമ്മാനിച്ച് ആലപ്പുഴ റവന്യു ജില്ലാ കലോത്സവത്തിനു നാളെ കായംകുളം ഗവ. ഗേൾസ് എച്ച്എസ്എസില്‍ തിരിതെളിയും.
നാളെ രാവിലെ ഒമ്പതിന് ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ.എസ്. ശ്രീലത പതാക ഉയർത്തും. രാവിലെ പത്തിന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.
യു. പ്രതിഭ എംഎൽഎ അധ്യക്ഷയാകും. നഗരസഭാ ചെയർപേഴ്സൺ പി. ശശികല മുഖ്യപ്രഭാഷണം നടത്തും. കെ.സി. വേണുഗോപാൽ എംപി മുഖ്യ അതിഥിയാകും. എംഎൽഎമാരായ എം.എസ്. അരുൺകുമാർ, രമേശ് ചെന്നിത്തല, പി.പി. ചിത്തരഞ്ജൻ എന്നിവർ പങ്കെടുക്കും.
എട്ടുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് കായംകുളം വീണ്ടും കലോത്സവത്തിന് വേദിയാകുന്നത്. ഇത്തവണ 13 വേദികളിലായി 316 ഇനങ്ങളാണ് അരങ്ങേറുക. 11 ഉപജില്ലകളില്‍ നിന്നായി ആറായിരത്തോളം കലാ പ്രതിഭകൾ മാറ്റുരയ്ക്കും.ഡിസംബർ മൂന്നിന് വൈകുന്നേരം അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി മുഖ്യപ്രഭാഷണം നടത്തും. മന്ത്രി പി. പ്രസാദ് വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യാതിഥിയാകും. എംഎൽഎമാരായ ദലീമജോജോ, എച്ച്. സലാം,തോമസ് കെ. തോമസ്, ജില്ലാ കളക്ടർ അലക്സ് വർഗീസ് എന്നിവർ പങ്കെടുക്കും.