പുതിയ തീരദേശപാത അംഗീകരിക്കില്ല: കെ.സി. വേണുഗോപാൽ എംപി
1444107
Sunday, August 11, 2024 11:20 PM IST
ചേര്ത്തല: പുതിയ തീരദേശപാത കെ-റെയിൽ പോലെയുള്ള സങ്കൽപ്പമാണെന്നും അതിനെ അംഗീകരിക്കില്ലെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി പറഞ്ഞു. ചേർത്തലയിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലുള്ള ദേശീയപാത തന്നെ തീരദേശപാതയാണ്. അതിനപ്പുറം മറ്റൊരു പാതയുടെ ആവശ്യമില്ല. ഇനിയും ജനങ്ങളെ കുടിയൊഴിപ്പിച്ചുകൊണ്ടുള്ള നടപടിയെ അംഗീകരിക്കില്ല. ആലപ്പുഴയിൽ ദേശീയപാത തീരദേശത്തു കൂടിയാണ് പോകുന്നത്. ഇതിന്റെ വികസനത്തിനായി ആവശ്യത്തിലേറെ സ്ഥലം ഇപ്പോൾതന്നെ എടുത്തുകഴിഞ്ഞു. കൂടാതെ ഇതിന്റെ വികസനപ്രവർത്തനങ്ങളെത്തുടർന്നുള്ള ബുദ്ധിമുട്ട് ജനം സഹിച്ചുകൊണ്ടിരിക്കുകയാണ്. മറ്റൊരു പാതയ്ക്കുവേണ്ടി ജനങ്ങളെ കുടിയൊഴിപ്പിക്കാൻ ഒരു കാരണവശാലും അനുവദിക്കില്ല.
നിലവിലെ തീരദേശ പാത ശക്തിപ്പെടുത്തുകയാണ് വേണ്ടത്. അല്ലാതെ പുതിയ പാത നിർമിക്കുകയല്ല. തീരപരിപാലന നിയമത്തിന്റെ കുരുക്കിൽ മത്സ്യത്തൊഴിലാളികൾക്ക് വീടുകൾ പോലും നിർമിക്കാൻ കഴിയുന്നില്ല. 2019ൽ കേന്ദ്രം കൊടുത്ത കരട് റിപ്പോർട്ടിൽ അഞ്ചു വർഷത്തിന് ശേഷമാണ് സംസ്ഥാന സർക്കാർ റിപ്പോർട്ട് നൽകാൻ പോകുന്നത്. എത്ര ലാഘവത്തോടെയാണ് സർക്കാർ ഇത് കാണുന്നത്. ആ സർക്കാരാണ് തീരദേശപാതയുമായി മുന്നോട്ടുവരുന്നതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
കരിമണൽ ഖനനം പുനരാരംഭിച്ച ഏകപക്ഷീയമായ നടപടി അംഗീകരിക്കാനാവില്ല. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് കരിമണൽ കൊള്ളയ്ക്കു നീക്കം. തോട്ടപ്പള്ളിയിലെ മണലെടുപ്പ് വളരെ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. തദ്ദേശവാസികളെയും ജനപ്രതിനിധികളെയും രാഷ്ട്രീയ പാർട്ടികളെയും വിശ്വാസത്തിലെടുക്കാതെ ഏകപക്ഷീയമായി നടത്തുന്ന ഈ കൊള്ള സർക്കാർ അവസാനിപ്പിക്കാൻ തയാറാകണം.
വിശ്വാസയോഗ്യമായ ശാസ്ത്രീയ പഠനം നടത്താതെയാണ് സർക്കാർ മുന്നോട്ടുപോകുന്നത്. കുട്ടനാടിനെയും ആലപ്പുഴയുടെ തീരവും രക്ഷിക്കാൻ ആവശ്യമായ സമഗ്രമായ പദ്ധതിയാണ് ആവശ്യം. തീരം കടലെടുത്ത് പോകുന്നത് അനുവദിക്കാനാകുന്നതല്ല. ഏകപക്ഷീയമായ പഠനറിപ്പോർട്ട് ഉപയോഗിച്ച് തീരം ഇല്ലാതാക്കാൻ ശ്രമിച്ചാൽ അതു ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്കു പോകും.
കുട്ടനാടും, തീരദേശവും സംരക്ഷിക്കാൻ പുതിയ പദ്ധതിയാണ് ആവശ്യം. ഈ വിഷയത്തിൽ വളരെ ശക്തമായ ആശങ്കകൾ ഭരണപക്ഷ കക്ഷിയിലെ സിപിഐ പോലും ഉന്നയിച്ചിട്ടുണ്ടെന്നും വേണുഗോപാൽ പറഞ്ഞു. പിഎംഎവൈ പോലുള്ള കേന്ദ്ര പദ്ധതികൾക്ക് കേന്ദ്രസർക്കാരിന്റെ നിറവും, കൊടിയും, ബ്രാൻഡും നൽകണമെന്ന തീരുമാനം അപഹാസ്യമാണെന്നു കന്ദ്രസർക്കാരിന്റെ പണം ജനങ്ങളുടേതാണെന്നും ഇത്തരമൊരു നടപടിയിൽനിന്ന് പിന്മാറണമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.