സംസ്ഥാനപാതയിൽ പൈപ്പ് ചോർച്ച; വെള്ളംകുടി മുട്ടിച്ച് വകുപ്പുകൾ
1572684
Friday, July 4, 2025 4:55 AM IST
എടത്വ: അമ്പലപ്പുഴ- തിരുവല്ല സംസ്ഥാന പാതയ്ക്കു കുറുകെ സ്വകാര്യവ്യക്തി ഗാർഹിക ഉപയോഗത്തിന് വലിച്ച പൈപ്പ് ലൈൻ റോഡിനു മധ്യഭാഗത്തായി പൊട്ടി വെള്ളം ചോരുന്നു. കുടിവെള്ള വിതരണം നിലച്ചതോടെ ജല അഥോറിറ്റിയിൽ പരാതിയുമായി എത്തിയ ഉപഭോക്താവിനോട് റോഡ് തുരക്കാൻ 60,000 രൂപ പിഡബ്ല്യുഡി ഓഫീസിൽ കെട്ടിവെച്ച് എസ്റ്റിമേറ്റ് തയാറാക്കി റോഡ് പുനർനിർമിച്ചു നൽകണമെന്ന് അധികൃതർ നിർദേശം നൽകി. ലൈൻ പുനർനിർമിച്ചില്ലെങ്കിൽ കണക്ഷൻ കട്ടു ചെയ്യുമെന്ന് ഉപഭോക്താവിനെ അറിയിച്ചു.
തകഴി പഞ്ചായത്ത് 9-ാം വാർഡിൽ ഇലഞ്ഞിപ്പറമ്പിൽ തോമസ് ജോസഫിന്റെ ഗാർഹിക കണക്ഷനുമായി ബന്ധപ്പെട്ട തർക്കമാണ് നിലനിൽക്കുന്നത്. മൂന്നു പതിറ്റാണ്ട് മുൻപ് ഗാർഹിക കണക്ഷൻ എടുത്ത തോമസ് ജോസഫ് റോഡിന് എതിർവശത്തുള്ള ജല അഥോറിറ്റിയുടെ പ്രധാന പൈപ്പ് കണക്ഷനിൽനിന്നാണ് വീട്ടിലേക്ക് ലൈൻ വലിച്ചത്. റോഡിന് കുറുകെ സ്ഥാപിച്ച ഇരുമ്പ് പൈപ്പിനുള്ളിലൂടെ പിവിസി പൈപ്പ് കടത്തിയാണ് വീട്ടിൽ വെള്ളം എത്തിച്ചത്.
ജപ്പാൻ കുടിവെള്ള പദ്ധതിക്ക് ഒന്നേകാൽ മീറ്റർ വ്യാസമുള്ള പൈപ്പ് സ്ഥാപിച്ചതോടെ ഗാർഹിക കണക്ഷന്റെ ലൈൻ റോഡിന്റെ മധ്യഭാഗത്തായി മുറിച്ചുമാറ്റിയിരുന്നു. കുടിവെള്ള പദ്ധതി ലൈന്റെ പണി പൂർത്തിയാക്കിയ ശേഷം വലിയ പൈപ്പിനു മുകളിലൂടെ വളച്ചെടുത്താണ് തോമസ് ജോസഫിന് വീട്ടിൽ കുടിവെള്ളം എത്തിച്ചത്.
ഭാരമേറിയ വാഹനം സർവീസ് നടത്താൻ തുടങ്ങിയതോടെ പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങി. പൈപ്പ് പൊട്ടിയ ഭാഗം കാലക്രമേണ കുഴിയായി രൂപപ്പെട്ടു. റോഡിലെ കുഴിയുമായി ബന്ധപ്പെട്ട് പൊതു ജനത്തിന്റെ പരാതി നിലനിൽക്കേ വെള്ളം കിട്ടുന്നില്ലെന്ന് പരാതിയുമായി ഉപഭോക്താവ് ജല അഥോറിറ്റിയെ സമീപിച്ചു.
പൈപ്പ് ലൈൻ നന്നാക്കണമെങ്കിൽ റോഡ് കുഴിക്കാൻ പിഡബ്ല്യുഡിയുടെ അനുവാദം വാങ്ങണമെന്ന് ഉപഭോക്താവിനോടു നിർദേശിച്ചു. റോഡ് തുരക്കാൻ 60,000 രൂപ പിഡബ്ല്യുഡിയിൽ കെട്ടി വെച്ച് റോഡ് പഴയ നിലയിലാക്കി കോൺക്രീറ്റ് ചെയ്തു നൽകണം. കൂടാതെ ജല അഥോറിറ്റിയിലെ കരാർ ജീവനക്കാർക്കുള്ള കൂലിയും പൈപ്പ് നിർമാണ സാധനങ്ങളുടെ തുകയും ഉപഭോക്താവ് കണ്ടെത്തണം.
വകുപ്പ് അധികൃതരുടെ തീരുമാനം അറിഞ്ഞതോടെ കണക്ഷൻ വിച്ഛേദിക്കാൻ ഉപഭോക്താവ് തീരുമാനിച്ചു. പൈപ്പ് ലൈൻ നന്നാക്കിയാലും വീണ്ടും റോഡ് പൊട്ടാൻ സാധ്യതയുണ്ടെന്നും അപ്പോഴും ഇതേ തുക കണ്ടെത്തേണ്ടി വരുമെന്നുമാണ് തോമസ് ജോസഫ് പറയുന്നത്.