എടത്വയില്‍ വ്യത്യസ്ത അപകടങ്ങളില്‍ രണ്ടു മരണം
1573282
Sunday, July 6, 2025 3:23 AM IST
എടത്വ: മണിക്കൂറിനുള്ളില്‍ നാടിനെ കണ്ണീരിലാഴ്ത്തി വ്യത്യസ്ത അപകടങ്ങളില്‍ എടത്വയിലും പരിസരത്തും രണ്ടു മരണം.
ഇന്നലെ പുലര്‍ച്ചെ ബൈക്കിടിച്ച് കോളജ് വിദ്യാര്‍ഥി മരണപ്പെട്ടപ്പോള്‍ വൈകിട്ട് നാലിന് യുകെജി വിദ്യാര്‍ഥി വെള്ളത്തില്‍ മുങ്ങി മരിച്ചു. എടത്വ പാലക്കളം പാലത്തിനു സമീപം പുത്തന്‍പുരയ്ക്കാല്‍ ജോയി ഏബ്രഹാമിന്റെ (ജോയിച്ചന്‍) മകന് ലിജുമോന്‍ പി.ജെ (18) ആണ് നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റില്‍ ഇടിച്ചു മരിച്ചത്.
പഠനത്തിനൊപ്പം സ്വയംതൊഴില്‍ ചെയ്തിരുന്ന ലിജുമോന്‍ വെള്ളിയാഴ്ച രാത്രിയില്‍ കേറ്ററിംഗ് പണി കഴിഞ്ഞു വീട്ടിലെത്തിയശേഷം സുഹൃത്തായ എടത്വ പട്ടത്താനം വീട്ടില്‍ സാജുവിന്റെ മകന് മെറിക്കും (18) ഒന്നിച്ച് തിരുവല്ലയില്‍ പോയി മടങ്ങുമ്പോഴാണ് അപകടം നടന്നത്. മെറിക്ക് ഗുരുതര പരിക്കുകളോടെ തിരുവല്ല സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ലിജുമോന്‍ സംഭവ സ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാര്‍ മെറിക്കിനെ തിരുവല്ല ആശുപത്രിയില്‍ എത്തിച്ചു. ലിജുമോന്റെ മൃതദേഹം ഇന്ന് നാലിന് വീട്ടില്‍ എത്തിക്കും. നാളെ രണ്ടിന് ഭവനത്തിലെ ശുശ്രൂഷയെ തുടര്‍ന്ന് എടത്വ കോളജില്‍ പൊതുദര്ശനത്തിനുച്ചശേഷം മൃതദേഹം എടത്വ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ സംസ്കരിക്കും. വിദേശത്ത് ജോലിയുള്ള ലിജോമോനാണ് ഏകസഹോദരന്.
മറ്റൊരപകടത്തില്‍ യുകെജി വിദ്യാര്‍ഥിയാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ചെക്കിടിക്കാട് കണിയാംപറമ്പില്‍ ജെയ്സണ്‍ തോമസിന്റെ മകന് ജോഷ്വാ (5) ആണ് വീടിനു മുന്നിലെ തോട്ടില്‍ വീണ് മുങ്ങി മരിച്ചത്. ജോഷ്വായുടെ മാതാവ് ആഷ വിദേശത്താണ്. നാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ജെയ്സണ്‍ മാതാവിനെ ഏല്‍പ്പിച്ച ശേഷമാണ് ജോലിക്കു പോയത്.
വീട്ടുമുറ്റത്ത് കളിക്കുന്നതു കണ്ട് അകത്തേക്ക് പോയി മടങ്ങിവന്ന മുത്തശ്ശി കുട്ടിയെ കാണാത്തതിനെത്തുടര്‍ന്ന് പരിസരങ്ങളില്‍ തെരഞ്ഞെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഇവരുടെ അലര്‍ച്ചകേട്ട് ഓടിയെത്തിയ സമീപവാസികള്‍ തോട്ടില്‍നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം ആശുപത്രി ടേബിളില്‍ കിടത്തിയപ്പോള്‍ കണ്ടുനിന്നവര്‍ വാവിട്ട് നിലവിളിച്ചു. എടത്വ പോലീസ് മേല്‍നടപടി സ്വീകരിച്ചശേഷം മൃതദേഹം വണ്ടനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
പച്ച വിമല നഴ്സറി സ്കൂളിലെ യുകെജി വിദ്യാര്‍ഥിയാണ് ജോഷ്വാ. പച്ച സെന്റ് സേവ്യേഴ്സ് യുപി സ്കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥി ജെസ്വിന് സഹോദരനാണ്.