പേവിഷബാധ: ചികിത്സയിലിരുന്ന വയോധികൻ മരിച്ചു
1572691
Friday, July 4, 2025 4:55 AM IST
ചെങ്ങന്നൂർ: തിരുവൻവണ്ടൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ പേവിഷബാധ സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. അഞ്ചാം വാർഡ് ശങ്കരമംഗലം വീട്ടിൽ ഗോപിനാഥൻ നായർ (65) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്.
രണ്ടാഴ്ച മുൻപാണ് സംഭവം നടന്നത്. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിനു സമീപം കപ്പലണ്ടി കച്ചവടം നടത്തിവരികയാണ് ഇദ്ദേഹം. വൈകുന്നേരത്ത് കപ്പലണ്ടി കച്ചവടത്തിനായി പോകുന്ന ഗോപിനാഥൻ നായർ രാത്രി 9.30 ഓടെയാണ് വീട്ടിൽ തിരിച്ചെത്തുക.
തിരുവൻവണ്ടൂർ മിൽമ സൊസൈറ്റിപ്പടിക്കു സമീപത്തുവച്ച് സൈക്കിളിൽ വീട്ടിലേക്കു പോവുകയായിരുന്ന ഇദ്ദേഹത്തിന്റെ പുറകെ നായ കുരച്ചു ഓടിവരികയും ഇതുകണ്ട് ഭയന്ന് റോഡിൽ വീഴുകയുമായിരുന്നു. ഈ സമയം നായയുടെ നഖം കാലിൽ കൊണ്ട് ചെറിയ മുറിവേറ്റിരുന്നു.
ഇത് ഗോപിനാഥൻ കാര്യമാക്കിയിരുന്നില്ല. പിന്നീട് പനിയുടെ ലക്ഷണങ്ങൾ തുടങ്ങിയപ്പോൾ ആദ്യം ഇരമല്ലിക്കര പ്രാഥമിക ആശുപത്രിയിൽ ചികിത്സതേടി. പിന്നീട് ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലും തുടർന്ന് സമീപമുള്ള സ്വകാര്യ ആശുപത്രിയിലും ചികിത്സതേടി. കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ മൂന്ന് നാലു ദിവസത്തെ ചികിത്സയ്ക്കുശേഷം ഭേദമാകാതെ വന്നതോടെ അവിടെനിന്നും തിരുവല്ലയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അവിടെ നടന്ന പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഞായറാഴ്ച്ച കോട്ടയം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ഇന്നലെ പുലർച്ചെ ര ണ്ടോടെ മരണം സംഭവിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: ശാന്തകുമാരി. മക്കൾ: രജനി, രഞ്ജിനി.