യുഡിഎഫിന്റേത് കള്ളപ്രചാരണം: ചെയർപേഴ്സൺ
1573272
Sunday, July 6, 2025 3:22 AM IST
കായംകുളം: നഗരസഭ ഭരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോൺഗ്രസും ബിജെപിയും വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് കള്ളപ്രചാരണം നടത്തിവരികയാണെന്നും ഇത് ജനം തള്ളിക്കളയുമെന്നും നഗരസഭാ ചെയർപേഴ്സൺ പി. ശശികല പറഞ്ഞു.
ആധുനിക നിലയിലുള്ള മൊബൈൽ മാലിന്യ സംസ്കരണ പ്ലാന്റ് പദ്ധതി നഗരസഭ വികസനകാര്യ സ്ഥിരം സമിതിയും നഗരസഭ കൗൺസിൽ യോഗവും ഏകകണ്ഠമായി ചർച്ചചെയ്ത് അംഗീകരിക്കുകയും ചെയ്തിരുന്നു. ഈ രണ്ടു യോഗങ്ങളിലും യുഡിഎഫ്, ബിജെപി പ്രതിനിധികളും പങ്കെടുത്തിരുന്നു. അന്ന് ഒരു എതിർപ്പും ഇവർ പ്രകടിപ്പിച്ചില്ല. ഡിപിസി അംഗീകാരം കിട്ടിയതിനെ തുടർന്ന് ഇ ടെൻഡർ വിളിക്കുകയും കുറഞ്ഞ തുകയ്ക്ക് ക്വട്ടേഷൻ നൽകിയ സ്ഥാപനത്തിന് കരാർ കൊടുക്കുകയും ചെയ്തു. ഈ സ്ഥാപനത്തിന് മാത്രമേ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും സംസ്ഥാന ശുചിത്വ മിഷന്റെയും അംഗീകാരം ലഭിച്ചിട്ടുള്ളൂ- ചെയർപേഴ്സൺ പറഞ്ഞു.
അങ്കൻവാടി ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് വ്യാജ ആരോപണമാണ് ഉന്നയിക്കുന്നത്. 2012ലും 2018 ലും ആയി രണ്ട് ഘട്ടമായിട്ടാണ് അങ്കണവാടി നിയമനത്തിനുള്ള അപേക്ഷ സംയോജിത ശിശുവികസന ഡിപ്പാർട്ട്മെന്റ് ഓഫീസിൽ ക്ഷണിച്ചത്. ആയിരത്തോളം പേരാണ് അപേക്ഷ സമർപ്പിച്ചത്. 10 ദിവസമായി നടന്ന ഇന്റർവ്യൂവിൽ 800 മേൽ ആളുകൾ പങ്കെടുത്തു. ജില്ലാ ശിശുവികസന പദ്ധതി ഓഫീസരുടെ നേതൃത്വത്തിലാണ് ഇന്റർവ്യൂ നടത്തിയതും നിയമനം നടത്തിയതെന്നും ചെയർപേഴ്സൺ പി. ശശികല പറഞ്ഞു.