ട്രെയിനപകടത്തിൽ പരിക്കേറ്റു ചികിത്സയിലിരുന്ന ലക്ഷദ്വീപ് സ്വദേശി മരിച്ചു
1573270
Sunday, July 6, 2025 3:22 AM IST
അമ്പലപ്പുഴ: ട്രെയിനപകടത്തിൽ പരിക്കേറ്റ് ആറുമാസമായി ചികിത്സയിലായിരുന്ന ലക്ഷദ്വീപ് സ്വദേശി അലപ്പുഴ മെഡിക്കൽ കോളജിൽ മരിച്ചു. ലക്ഷദ്വീപ് ചെത്തിലത്ത് ദ്വീപിൽ പടിപ്പുരയിൽ ജമാൽ മുഹമ്മദ് (45) ആണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.
ജോലിസംബന്ധമായ ആവശ്യത്തിനായി ട്രെയിനിൽ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങവേ ട്രെയിൻ മുന്നോട്ടെടുത്തപ്പോൾ പ്ലാറ്റ് ഫോമിൽ തലയടിച്ച് വീണ് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.
എറണാകുളത്തെ ഒരു കാറ്ററിംഗ് കമ്പനിയിൽ കഴിഞ്ഞ മൂന്നുവർഷമായി ജോലി ചെയ്തുവന്നിരുന്ന ജമാൽ മുഹമ്മദ് ഭാര്യ ബീഫാത്തുമ്മ, മക്കളായ ഫർഹ, റഫ്ഹാൻ എന്നിവരോടൊപ്പം എറണാകുളത്താണ് താമസിച്ചിരുന്നത്. അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ എത്തിയതു മുതൽ വളഞ്ഞവഴി വാട്സ്ആപ്പ് ഗ്രൂപ്പ് കൂട്ടായ്മ അവർക്കാവശ്യമായ സഹായവുമായി രംഗത്തുണ്ടായിരുന്നു. ലക്ഷദ്വീപിൽനിന്നു ബന്ധുക്കളും എറണാകുളത്തുനിന്നു കാറ്ററിംഗ് കമ്പനി പ്രതിനിധികളും എത്തിയിരുന്നു.
നീർക്കുന്നം ഇജാബ മസ്ജിദ് ഖബറിസ്ഥാനിൽ ജമാൽ മുഹമ്മദിന്റെ സംസ്കാരം നടത്തി. നൗഷാദ്. എ, റഷീദ് കോലേഴം, ഹംസ കുഴിവേലി, അലി പൂതിയോട്, നജീബ് മാർസ്, ഹാഷിം വണ്ടാനം, സാജിദ അസ്ലം, ഹസീന റഷീദ് തുടങ്ങിയവരുടെ ഇടപെടൽ ലക്ഷദ്വീപ് നിവാസികളായ ആ കുടുംബത്തിന് ആശ്വാസമായി.