ജനറൽ ആശുപത്രിയിലെ പഴയ ബ്ലോക്ക് എംഎൽഎ സന്ദർശിച്ചു
1573279
Sunday, July 6, 2025 3:23 AM IST
അന്പലപ്പുഴ: ജനറൽ ആശുപത്രിയിലെ പഴയ ബ്ലോക്ക് എച്ച്. സലാം എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. ഓർത്തോ, സർജറി വിഭാഗങ്ങളിലാണ് സന്ദർശനം നടത്തിയത്.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പഴയ കെട്ടിടത്തിൽ അപകടമുണ്ടായ പശ്ചാത്തലത്തിലായിരുന്നു സന്ദർശനം. ജനറൽ ആശുപത്രിയിലെ പഴയ കെട്ടിടത്തിലെ ഫിറ്റ്നസ് ഇല്ലാത്തതും പ്രവർത്തിപ്പിക്കാത്തതുമായ ഭാഗത്തേക്ക് രോഗികളോ മറ്റുള്ളവരോ എത്തുന്നില്ല എന്ന് ഉറപ്പുവരുത്തണമെന്ന് എച്ച്. സലാം ആർഎംഒ ക്ക് നിർദേശം നൽകി.
കിഫ്ബി ഫണ്ട് വകയിരുത്തി 117 കോടി രൂപ ചെലവിൽ നിർമിച്ച ഏഴുനില ഒപി ബ്ലോക്കിൽ രണ്ടു നിലകൾ ഐപി വാർഡുകളാക്കി മാറ്റി പ്രവർത്തിപ്പിച്ചിരുന്നു. പഴയ കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ അൺ ഫിറ്റായ സ്ഥലത്ത് പ്രവർത്തിച്ചിരുന്ന വാർഡുകളാണ് പുതിയ കെട്ടിടത്തിലേക്കു മാറ്റി പ്രവർത്തിപ്പിച്ചിരുന്നത്.
ആശുപത്രി പ്രവർത്തനം സംബന്ധിച്ച് അവലോകനം നടത്തുന്നതിന് ചൊവ്വാഴ്ച രാവിലെ നഗരസഭയുടെയും പിഡബ്ല്യുഡി യുടെയും എൻജിനിയർ വിഭാഗങ്ങൾ, നഗരസഭാ, ആശുപത്രി അധികൃതർ എന്നിവരുടെ യോഗം ചേരും.
ആശുപത്രി ആർഎംഒ ഡോ. ആശ മോഹൻദാസ്, ഡെപ്യൂട്ടി ഡി എംഒ ഡോ. ദിലീപ്, എആർഎംഒ ഡോ. പ്രിയദർശൻ, ഇൻഫെക്ഷൻ കൺട്രോൾ നഴ്സ് ഇന്ദുലേഖ എന്നിവർ എംഎൽഎക്കൊപ്പമുണ്ടായിരുന്നു.