നാളികേര ഉത്പന്നങ്ങളുടെ വില കുതിക്കുന്നു; തെങ്ങിൽ കയറാൻ ആളില്ല
1572696
Friday, July 4, 2025 4:55 AM IST
പൂച്ചാക്കൽ: നാളികേരത്തിനും നാളികേര ഉത്പന്നങ്ങൾക്കും വില വാനോളം ഉയർന്നിട്ടും തെങ്ങിൽ കയറാൻ ആളില്ലാത്ത അവസ്ഥയാണ്. ഒരു തെങ്ങിൽ കയറുന്നതിന് 50 രൂപ മുതൽ 80 വരെയാണ് കൂലി.
എന്നിരുന്നാലും കയറ്റക്കാരെ കിട്ടാനില്ല. ചേർത്തല താലൂക്കിലെ വടക്കൻ മേഖലകളായ തൈക്കാട്ടുശേരി, പാണാവള്ളി, അരൂക്കുറ്റി, പെരുമ്പളം മേഖലകളിൽ 184 തൊഴിലാളികൾ ഉണ്ടായിരുന്നിടത്ത് 13 തൊഴിലാളികൾ മാത്രമാണ് ഇപ്പോൾ ഉള്ളത്. പരമ്പരാഗത തെങ്ങുകയറ്റ തൊഴിലാളികൾ ഈ തൊഴിലിനോട് വിമുഖത കാണിക്കുന്നതും പുതിയ തലമുറ ഈ രംഗത്തേക്ക് വരാൻ മടിക്കുന്നതും തൊഴിലാളി പ്രതിസന്ധിക്കു കാരണമാകുന്നത്.
തെങ്ങുകയറുന്നതിന് യന്ത്രം വന്നതോടെ സ്ത്രീകൾ ഉൾപ്പെടെ ധാരാളം ആളുകൾ ഈ രംഗത്തേക്കു കടന്നുവന്നിരുന്നു. എന്നാൽ, ജോലിയുടെ ആയാസം മനസിലാക്കിയതോടെ പലരും രംഗം വിട്ടു. കല്ലൻമുള കൊണ്ടുള്ള ഗോവണിയാണ് തെങ്ങുകയറ്റത്തിനു പരമ്പരാഗത തൊഴിലാളികൾ ഉപയോഗിച്ചിരുന്നത്. നേരത്തെ ഒരു ദിവസം അൻപതു മുതൽ എൺപതുതെങ്ങു വരെ കയറാൻ സാധിച്ചിരുന്നു എന്ന് പരമ്പരാഗത തെങ്ങുകയറ്റ തൊഴിലാളിയായ തൈക്കാട്ടുശേരി പഞ്ചായത്ത് തറേപ്പറമ്പിൽ സുബാഷ് പറയുന്നു.
വെളിച്ചെണ്ണ വില കുതിക്കുന്നു
ചരിത്രത്തിലാദ്യമായി വെളിച്ചെണ്ണ വില 400 രൂപയ്ക്ക് മുകളിലായി. ഹോൽസെയിൽ വില ലിറ്ററിന് 395 രൂപയും ചില്ലറ വിൽപ്പനശാലയിൽ 400 ആണ് ഇപ്പോഴത്തെ വില. തേങ്ങയ്ക്ക് വില കൂടിയതും തേങ്ങയുടെ ക്ഷാമവും വില വർധനവിന് കാരണമായിട്ടുണ്ട്. കേരളത്തിൽ തേങ്ങയുടെ ഉത്പാദനം കുറഞ്ഞതും തമിഴ്നാട്ടിൽനിന്നു തേങ്ങയുടെ വരവ് കുറഞ്ഞതും വില വർധനവിന് മറ്റൊരു കാരണമാണ്.
ചിരട്ടയാണ് താരം
ചിരട്ടയ്ക്ക് ഇപ്പോൾ പൊന്നുംവിലയാണ്. ഒരു കിലോ ചിരട്ടയ്ക്ക് 40 രൂപയാണ് വില. ചില്ലറ വിൽപ്പനക്കാരിൽ നിന്നു മൊത്ത വിൽപ്പനക്കാർ 38 നും 40നും ആണ് ചിരട്ട സംഭരിക്കുന്നത്. ഒരു മാസം ശരാശരി 6 ലോറി ചിരട്ട വരെ കയറ്റിപ്പോകുന്നുണ്ട്. തമിഴ്നാട്, പാലക്കാട് എന്നീ സ്ഥലങ്ങളിൽനിന്ന് എത്തുന്നവരാണ് ചിരട്ട കൂടുതലും കൊണ്ടുപോകുന്നത്. തമിഴ്നാട്ടിലെ ചിരട്ടക്കരി ഉത്പാദിപ്പിക്കുന്ന കമ്പനികളിലേ ക്കും സൗന്ദര്യവർധന വസ്തു ക്കളുടെ ഉത്പാദനങ്ങൾക്കുമാണ് ചിരട്ട സംഭരിക്കുന്നത്.