ഇഴഞ്ഞിഴഞ്ഞ് തൃക്കുന്നപ്പുഴ പാലം നിര്‍മാണം
1572950
Friday, July 4, 2025 11:40 PM IST
തൃക്കുന്നപ്പുഴ: 2018ല്‍ തുടങ്ങിയ തൃക്കുന്നപ്പുഴ പാലം നിര്‍മാണത്തില്‍ ഏഴു വര്‍ഷം പിന്നിട്ടിട്ടും ഒരു പുരോഗതിയും ഇല്ലെന്ന് ജനകീയ കൂട്ടായ്മ ആരോപിച്ചു. ഓഗസ്റ്റില്‍ നിര്‍മാണം പൂര്‍ത്തിയാക്കി പാലം തുറന്നുകൊടുക്കുമെന്നാണ് കളക്ടറുടെ യോഗത്തില്‍ കഴിഞ്ഞ മാസം ഉറപ്പുനല്‍കിയത്.
എന്നാല്‍, യോഗത്തിനു ശേഷം ഒരു ജോലിയും നടന്നില്ല. ആദ്യം കോടതിയില്‍ കൊടുത്ത ഉറപ്പ് ഈ വര്‍ഷം ഒക്ടോബറിൽ പാലം തുറന്നുകൊടുക്കുമെന്നായിരുന്നു. കോണ്‍ട്രാക്ടറുടെ മെല്ലെപ്പോക്ക് കാരണം രമേശ് ചെന്നിത്തല എംഎല്‍എ മുന്‍കൈയെടുത്ത് മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസില്‍ വിളിച്ച യോഗത്തില്‍ ജൂണ്‍ 30ന് പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു.
അത് നടക്കാതെ വന്നപ്പോള്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ മാവേലിക്കര അസി. എക്സിക്യൂട്ടീവ് എന്‍ജിനിയറുടെ ഓഫീസ് പിക്കറ്റ് ചെയ്യുകയും തുടര്‍ന്ന് കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഓഗസ്റ്റ് 31ന് ഗതാഗതത്തിനു തുറന്നുകൊടുക്കുമെന്നു പറയുകയും ചെയ്തിരുന്നു. പൈലിംഗ് തീര്‍ന്നെങ്കിലും പാലം വാര്‍ക്കുന്നത് അനിശ്ചിതമായി നീളുകയാണ്. പാലത്തിന്റെ ഗര്‍ഡര്‍ വാര്‍ക്കുന്നത് ഇവിടെത്തന്നെയാണ്. ഇത് കാലതാമസം ഉണ്ടാക്കുന്നു. പഴയ പാലത്തില്‍നിന്ന് മൂന്നര മീറ്റര്‍ ഉയരത്തിലാണ് പുതിയ പാലം വരുന്നത്.
ഈ ഉയരത്തില്‍നിന്ന് താഴേക്കുള്ള അപ്രോച്ച് റോഡിന്റെ ഡിസൈന്‍ ഇതുവരെ മേജര്‍ ഇറിഗേഷന്‍ നല്‍കിയിട്ടില്ലെന്നാണ് കോണ്‍ട്രാക്ടറുടെ വാദം. പാലം വാര്ക്കുന്നതിനോടൊപ്പം വശങ്ങളിലെ മരങ്ങളും പോസ്റ്റുകളും മാറ്റി സംരക്ഷണഭിത്തി കെട്ടിയാല്‍ മാത്രമേ ഓഗസ്റ്റില്‍ പണി തീര്‍ക്കാന്‍ കഴിയുകയുള്ളൂ. കോണ്‍ട്രാക്ടറുടെ മെല്ലെപ്പോക്കിനും മേജര്‍ ഇറിഗേഷന്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കും എതിരേ പ്രക്ഷോഭം ആരംഭിക്കുമെന്നും വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിപ്പെടുത്തുമെന്നും ജനകീയ കൂട്ടായ്മ ഭാരവാഹികള്‍ അറിയിച്ചു.