ചെങ്ങന്നൂരിൽ കാർ കത്തിച്ച സംഭവം: സിസിടിവി ദൃശ്യങ്ങൾ നിർണായകം
1572954
Friday, July 4, 2025 11:40 PM IST
ചെങ്ങന്നൂർ: ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനു പിന്നിൽ കോതാലിൽ പുല്ലാട്ട് രാജമ്മയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തിച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയതായി ചെങ്ങന്നൂർ സിഐ എ.സി. വിപിൻ അറിയിച്ചു. ദൃശ്യങ്ങളിൽ കണ്ട അജ്ഞാത വ്യക്തിക്കുവേണ്ടി തെരച്ചിൽ തുടരുകയാണ്. വ്യാഴാഴ്ച രാത്രി 12:30നാണ് സംഭവം. അജ്ഞാതനായ ഒരാൾ പെട്രോൾ ഒഴിച്ച് കാറിന് തീയിടുകയായിരുന്നു. പൂർണമായും കത്തിനശിച്ച കാർ രാജമ്മയുടെ വിദേശത്തുള്ള മകൾ കവിതയുടെ ഉടമസ്ഥതയിലുള്ളതാണ്.
സ്ഫോടന ശബ്ദം കേട്ട് വീട്ടുകാർ ഉണരുമ്പോൾ കാർ പൂർണമായി കത്തി. അയൽവാസികളും ഓടിക്കൂടി. തീ ജനാലയിലൂടെ വീടിനുള്ളിലേക്ക് പടർന്നിരുന്നു. കട്ടിൽ, മെത്ത, ദിവാൻകോട്ട് ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ കത്തിനശിച്ചു.
വിവരമറിഞ്ഞ ഉടൻതന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചതിനാൽ വലിയൊരു ദുരന്തം ഒഴിവായി. സംഭവസമയത്ത് രാജമ്മയെക്കൂടാതെ നാലു വയസുകാരി അർഷിത, ലേഖ, മിഥുൻ മോഹൻ, നിഥിൻ മോഹൻ എന്നിവരും വീട്ടിലുണ്ടായിരുന്നു. വിവരമറിഞ്ഞ് കൗൺസിലർ സിനി ബിജുവും പോലീസും സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.