ആശങ്ക ഒഴിയുന്നില്ല: മഴ കനത്താൽ വീണ്ടും ദുരിതം
1572955
Friday, July 4, 2025 11:40 PM IST
മുതുകുളം: കടലേറ്റത്തിനു ശമനമുണ്ടെങ്കിലും ആറാട്ടുപുഴക്കാരുടെ ആശങ്ക ഒഴിയുന്നില്ല. മഴ കൂടുതല്‍ കടുക്കുന്നതോടെ ദുരിതങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുമെന്ന ഭീതിയിലാണവര്‍. കടലേറ്റ ഭീഷണി ശക്തമായുള്ള പ്രദേശങ്ങളില്‍ പ്രതിരോധ നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട അധികാരികള്‍ ഉറപ്പുനല്‍കിയെങ്കിലും നടപടികള്‍ വൈകുകയാണ്.
ആറാട്ടുപുഴ തീരത്തെ കടലേറ്റ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് താലൂക്ക് ഓഫീസില്‍ രമേശ് ചെന്നിത്തല എംഎല്‍എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. ഇറിഗേഷന്‍ സൂപ്രണ്ടിംഗ് എന്‍ജിനിയറുമായും കളക്ടറുമായും എംഎല്‍എ ഫോണില്‍ സംസാരിക്കുകയും ചെയ്തു. എസി പള്ളി, കാര്‍ത്തിക ജംഗ്ഷന്, പത്തിശേരി ജംഗ്ഷന്, മംഗലം എന്നിവിടങ്ങളിലും പെരുമ്പള്ളിയിലും ജിയോ ബാഗ് സ്ഥാപിക്കുന്നതിന് തുക അനുവദിക്കാന്‍ സൂപ്രണ്ടിംഗ് എന്‍ജിനിയറോട് രമേശ് ചെന്നിത്തല ആവശ്യപ്പെടുകയുമുണ്ടായി. പ്രദേശങ്ങളില്‍ ഉടന്‍തന്നെ ജിയോ ബാഗ് സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് കളക്ടറും അറിയിച്ചിരുന്നതാണ്.
എസി പള്ളി ജംഗ്ഷന് മുതല്‍ എംഇഎസ് ജംഗ്ഷന് വരെയും പടിഞ്ഞാറെ ജുമാ മസ്ജിദിന്റെ വടക്കുഭാഗം മുതല്‍ കാര്‍ത്തിക ജംഗ്ഷന് വരെയും പത്തിശേരി ജംഗ്ഷന് മുതല്‍ മംഗലം വരെയുമുള്ള പ്രദേശങ്ങളിലും അടുത്തിടെയുണ്ടായ കടലേറ്റം വലിയ നാശമാണ് വിതച്ചത്. വലിയഴീക്കല്‍ അഴീക്കോടന്‍ നഗറിനു തെക്ക്, പെരുമ്പള്ളി, കള്ളിക്കാട്, മീശമുക്ക് ഭാഗങ്ങളിലും കടലേറ്റമുണ്ടായി. നൂറിലധികം വീടുകളിലും കച്ചവടസ്ഥാപനങ്ങളിലും വെള്ളം കയറിയിരുന്നു.
പെരുമ്പള്ളിയിലെ ജിയോബാഗ് മണല്‍ഭിത്തി തകര്‍ന്നതോടെ വലിയഴീക്കല്‍-തൃക്കുന്നപ്പുഴ തീരദേശ റോഡ് അപകടഭീഷണിയിലാണ്. റോഡിലാണ് തിരമാല പതിക്കുന്നത്. ഇവിടെ അടിയന്തര നടപടി കൈക്കൊണ്ടില്ലെങ്കില്‍ അടുത്ത കടലേറ്റത്തില്‍ റോഡ് പൂര്‍ണമായും തകരും. എസി പള്ളി ജംഗ്ഷന്റെ വടക്കുഭാഗത്ത് കടല്‍ഭിത്തി ദുര്‍ബലമായതിനാല്‍ റോഡിലേക്കാണ് തിരമാലകള്‍ അടിച്ചുകയറുന്നത്. ഇതുമൂലം ഇവിടെ റോഡില്‍ മണല്‍ കയറി അടിക്കടി ഗതാഗതതടസമുണ്ടാകുന്നു.