ടൗണ്‍ റോട്ടറി ക്ലബ് : ജോസഫ് കുര്യന് പ്രസിഡന്റ് ഷമ്മി ജോസഫ് സെക്രട്ടറി
1572688
Friday, July 4, 2025 4:55 AM IST
ചേര്‍ത്തല: ടൗണ്‍ റോട്ടറി ക്ലബിന്റെ പുതിയ പ്രവര്‍ത്തനവര്‍ഷത്തെ പ്രസിഡന്റായി ജോസഫ് കുര്യനെയും സെക്രട്ടറിയായി കെ. ഷമ്മി ജോസഫിനെയും ട്രഷററായി ഡി. നന്ദഗോപനെയും തെരഞ്ഞെടുത്തു. നാളെ വൈകുന്നേരം ആറിനു റോട്ടറി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുതിയ ഭാരവാഹികള്‍ ചുമതലയേല്‍ക്കും. മുന്‍ റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ സുരേഷ് മാത്യു മുഖ്യാതിഥിയും ചലച്ചിത്രതാരം സാജന് പള്ളുരുത്തി വിശിഷ്ടാതിഥിയുമാകും.
പുതിയ പ്രവര്‍ത്തനവര്‍ഷം റോട്ടറി ക്ലബ്ബ് ഏറ്റെടുക്കുന്ന 50 ലധികം സാമൂഹിക സേവന പദ്ധതികളുടെ ഉദ്ഘാടനം ദലീമ ജോജോ എംഎല്‍എ നിര്‍വഹിച്ചു. സ്ത്രീ ശക്തീകരണ പദ്ധതിയുടെ ഭാഗമായി സ്ത്രീകള്‍ക്ക് തൊഴില്‍ പരിശീലനത്തോടൊപ്പം തൊഴിലും ഉറപ്പാക്കുക, ഭവനരഹിതരായവര്‍ക്ക് വീട് വച്ച് നല്‍കുക തുടങ്ങിയ പദ്ധതികള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്ന് നിയുക്ത പ്രസിഡന്റ് ജോസഫ് കുര്യന്, സെക്രട്ടറി കെ.ഷമ്മി ജോസഫ്, ട്രഷറര്‍ ഡി. നന്ദഗോപന്, ഡിസ്ട്രിക് കോ-ഓര്‍ഡിനേറ്റര്‍ കെ. ലാല്‍ജി, അബ്ദുള്‍ ബഷീര്‍, എം.എം. സോമന്, സിസില്‍ നോബര്‍ട്ട് കെന്നത്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക, പൊതുസ്ഥലങ്ങളില്‍ ബ്രസ്റ്റ് ഫീഡിംഗ് ക്യാബിന് നിര്‍മിക്കുക, സ്കൂളുകളില്‍ കുടിവെള്ളവും ശൗചാലയവും നിര്‍മിച്ചു നല്‍കുക, പിന്നാക്കം നില്ക്കുന്ന യുവതികള്‍ക്ക് കൈത്തൊഴില്‍ പരിശീലന നല്‍കുക, വിദ്യാഭ്യാസ സ്കാളര്ഷിപ് പദ്ധതികള്‍ നടപ്പിലാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളും നടപ്പാക്കുന്നുണ്ട്.