കണ്ടെയ്നറുകളിൽ ഉടക്കി ഉപകരണങ്ങൾ നശിക്കുന്നു
1572946
Friday, July 4, 2025 11:40 PM IST
കായംകുളം: കടലിൽ താഴ്ന്നുകിടക്കുന്ന കണ്ടെയ്നറുകളുടെ ഭീഷണി ഒഴിവാകാത്തത് മത്സ്യത്തൊഴിലാളികളെ തീരാദുരിതത്തിലാക്കുന്നു. കണ്ടെയ്നറുകളിൽ ഉടക്കി മത്സ്യബന്ധന ഉപകരണങ്ങൾ നശിക്കുന്ന സംഭവം ആവർത്തിക്കുമ്പോഴും പ്രശ്നപരിഹാരത്തിന് യാതൊരു നടപടിയും ഉണ്ടാകുന്നില്ല.
കഴിഞ്ഞദിവസം കായംകുളം ഹാർബറിൽനിന്നു മത്സ്യബന്ധനത്തിനു പോയ വലിയഴീക്കൽ കുന്നുംപുറത്ത് വിഷ്ണുവിന്റെ ശ്രീ മുരുകൻ എന്ന വള്ളത്തിന് കണ്ടെയ്നറിൽ വല ഉടക്കി കീറിയതിനെത്തുടർന്ന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായി, സുരക്ഷിതമെന്ന് കരുതിയ സ്ഥലത്ത് മത്സ്യബന്ധനം നടത്തിയിട്ടും ആവർത്തിക്കുന്ന ഇത്തരം അപകടങ്ങൾ മത്സ്യത്തൊഴിലാളികളിൽ ആശങ്ക വർധിപ്പിക്കുന്നു. കപ്പൽ അപകടത്തെത്തുടർന്ന് കടലിൽ വീണ കണ്ടെയ്നറുകൾ വലകൾക്ക് ഉടക്കായി, ലക്ഷങ്ങളുടെ നഷ്ടം സൃഷ്ടിക്കുകയാണ്.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ നിരവധി വള്ളങ്ങൾക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. ആറാട്ടുപുഴ മംഗലത്ത് സുരേഷിന്റെ ഉടമസ്ഥതയിലുള്ള മംഗലത്ത് മഹാദേവൻ വള്ളത്തിനും ലക്ഷക്കണക്കിന് രൂപയുടെ വല നഷ്ടപ്പെട്ടു.
കായലിൽ അൻഷാദിന്റെ ഉടമസ്ഥതയിലുള്ള മിന്നൽ കൊടിവള്ളത്തിനും വലിയഴീക്കലുള്ള ശിവധാര വള്ളത്തിനും ലക്ഷങ്ങൾ വിലവരുന്ന വലയും നഷ്ടമായി. കണ്ടെയ്നറുകളുടെ കൃത്യമായ സ്ഥാനം അജ്ഞാതമായതിനാൽ സുരക്ഷിത മത്സ്യബന്ധനം ഭീതിയോടെ മാത്രമേ സാധ്യമാകൂ. സീസൺ കാലത്തെ വരുമാനം നഷ്ടപ്പെടുന്നത് തൊഴിലാളികളെ സാമ്പത്തിക പ്രതിസന്ധിയിലേക്കു തള്ളിവിടുന്നു. പ്രശ്നപരിഹാരത്തിന് അധികാരികൾ നടപടിയെടുക്കാത്തതിനെതിരേ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം ശക്തമാകുകയാണ്.