പാടശേഖരത്തിന് കൽക്കെട്ടില്ല, നടക്കാൻ വഴിയുമില്ല
1572951
Friday, July 4, 2025 11:40 PM IST
ആലപ്പുഴ: പാടശേഖരത്തിന് കൽക്കെട്ടില്ല, നടക്കാൻ വഴിയുമില്ല. ഒരു പ്രദേശത്തെ നാട്ടുകാരും കർഷകരും ദുരിതത്തിൽ. കരുമാടി മഠത്തിൽ വടക്കുവശം പാടശേഖരത്തിനു സമീപത്തുള്ള നാട്ടുകാരാണ് യാത്രാദുരിതത്തിൽ വലയുന്നത്. അമ്പലപ്പുഴ തെക്ക്, തകഴി പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന ഈ പ്രദേശത്തെ പഞ്ചായത്ത് അവഗണിക്കുകയാണെന്നാണ് നാട്ടുകാരുടെയും കർഷകരുടെയും പരാതി.
അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് അഞ്ച്, തകഴി പഞ്ചായത്ത് ഒന്ന് എന്നീ വാർഡുകളുടെ അതിർത്തിയാണ് ഈ പ്രദേശം. രണ്ട് കൃഷിയുള്ള 200 ഏക്കറുള്ള ഈ പാടശേഖരത്തുനിന്ന് കൊയ്തെടുക്കുന്ന നെല്ല് തലച്ചുമടു വഴിയാണ് കർഷകർ റോഡിലെത്തിക്കുന്നത്.
രണ്ടു മീറ്റർ വീതി പോലുമില്ലാത്ത ഈ വഴി നിറയെ കുഴികളും വെള്ളക്കെട്ടുമാണ്. വർഷങ്ങൾക്കു മുൻപ് സമീപത്തെ വിവാഹച്ചടങ്ങിനായി ചില വീട്ടുകാർ സ്വന്തം ചെലവിൽ ഈ വഴിയിൽ ക്വാറി വേസ്റ്റ് ഇട്ടതോടെയാണ് വഴി അൽപ്പമെങ്കിലും യാത്രായോഗ്യമായത്. ഇപ്പോൾ സിമന്റ് ചാക്കിൽ മണ്ണു നിറച്ചാണ് ഇതിലൂടെ യാത്ര ചെയ്യുന്നത്.
സ്കൂൾ കുട്ടികളും നാട്ടുകാരും കുണ്ടും കുഴിയും നിറഞ്ഞ ഈ വഴിയിലൂടെയാണ് സ്ഥിരമായി യാത്ര ചെയ്യുന്നത്. അധികൃതരുടെ ഉദാസീനതയാണ് തങ്ങളുടെ ഈ ദുരിതത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. ഇത്രയും വലിയ പാടശേഖരമായിട്ടും ഇതുവരെ പാടശേഖരത്തിന് കൽക്കെട്ടും നിർമിച്ചിട്ടില്ല. ഇതിനായി വർഷങ്ങളായി കയറിയിറങ്ങാത്ത പടികളില്ലെന്ന് പാടശേഖര സമിതി ഭാരവാഹികൾ പറയുന്നു.
ഈ ആവശ്യമുന്നയിച്ച് പലതവണ പഞ്ചായത്തിൽ ഉൾപ്പെടെ കത്തു നൽകിയിരുന്നുവെന്നും ഇവർ പറയുന്നു. ഈ വഴിയിൽ ഇഴജന്തുക്കളുടെ ശല്യം മൂലം ഭീതിയോടെയാണ് നാട്ടുകാർ യാത്ര ചെയ്യുന്നത്. തങ്ങളുടെ യാത്രാദുരിതത്തിന് എന്നു പരിഹാരമുണ്ടാകുമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
മഠത്തിൽ വടക്കുവശം പാലത്തിന് പടിഞ്ഞാറ് വശം 2 വർഷം മുൻപ് നിർമിച്ച കൽക്കെട്ട് ഇപ്പോൾ തകർന്നുകിടക്കുകയാണ്.