അ​മ്പ​ല​പ്പു​ഴ ക്ഷേ​ത്ര​ത്തി​ൽ തി​രു​വു​ത്സ​വ​ത്തി​നു കൊ​ടി​യേ​റി
Tuesday, March 26, 2024 11:45 PM IST
അമ്പ​ല​പ്പു​ഴ: ശ്രീ​കൃ​ഷ്ണ​പ്പ​രു​ന്ത് വ​ട്ട​മി​ട്ടു പ​റ​ന്ന ഭ​ക്തിസാ​ന്ദ്ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ അ​മ്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണസ്വാ​മി ക്ഷേ​ത്ര​ത്തി​ൽ തി​രു​വു​ത്സ​വ​ത്തി​നു കൊ​ടി​യേ​റി. ഇന്നലെ രാ​വി​ലെ 10.45 നും 11.23നും മ​ധ്യേ താ​ത്രി​കാ​ചാ​ര്യ കു​ല​പ​തി ബ്ര​ഹ്മ​ശ്രീ ക​ടി​യ​ക്കോ​ൽ കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി​യു​ടെ​യും ബ്ര​ഹ്മ​ശ്രീ പു​തു​മ​ന ദാ​മോ​ദ​ര​ൻ ന​മ്പൂ​തി​രി​യു​ടെ​യും മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ലാ​ണ് കൊ​ടി​യേ​റ്റ് ന​ട​ന്ന​ത്.

ഉ​ത്സ​വ​ദി​വ​സ​ങ്ങ​ളി​ൽ നൃ​ത്താ​ർ​ച്ച​ന, ഗാ​നാ​മൃ​തം, തി​രു​വാ​തി​ര, നാ​രാ​യ​ണീ​യം, കാ​വ്യ സ​ദ​സ്, ഭ​ക്തി​ഗാ​ന​സു​ധ തു​ട​ങ്ങി​യ​വ ന​ട​ക്കും. ര​ണ്ടാം ഉ​ത്സ​വദി​ന​മാ​യ ഇന്നു രാ​ത്രി 10ന് ​അ​മ്പ​ല​പ്പു​ഴ ക​ര​ക്കാ​ർ വ​ക​യാ​യി ഗ​ണ​പ​തി​ക്കോ​ലം എ​ഴു​ന്നള്ളി​പ്പും പ​ട​യ​ണി​യും ന​ട​ക്കും. നാളെ രാ​ത്രി 11ന് ​ക​രൂ​ർ കാ​ഞ്ഞൂ​ർ മ​ഠം ക്ഷേ​ത്ര​ത്തി​ൽനി​ന്ന് ക​രൂ​ർ ക​ര​ക്കാ​ർ വ​ക​യാ​യി ഇ​ര​ട്ട ഗ​രു​ഡ​നും പ​ട​യ​ണി​യും ന​ട​ക്കും.

ഉ​ത്സ​വദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി​യി​ൽ തി​രു​മു​മ്പി​ൽ വേ​ല, സേ​വ, വി​ള​ക്കെ​ഴു​ന്നള്ളി​പ്പ് എ​ന്നി​വ ന​ട​ക്കും.

ഏ​ഴാം ഉ​ത്സ​വദി​ന​മാ​യ ഏ​പ്രി​ൽ ഒന്നിന് ​വൈ​കി​ട്ട് ത​ക​ഴി ക്ഷേ​ത്ര​ത്തി​ൽനി​ന്ന് വാ​ദ്യ​മേ​ള​ങ്ങ​ളോ​ടെ കു​ട വ​ര​വ് ന​ട​ക്കും. എ​ട്ടാം ഉ​ത്സ​വ ദി​വ​സം വൈ​കി​ട്ട് ആ​ഞ്ഞി​ലി​ക്കാ​വ് ക്ഷേ​ത്ര സ​ന്നി​ധി​യി​ൽനി​ന്ന് കു​ട്ടവ​ര​വ് ച​ട​ങ്ങും ന​ട​ക്കും. ഒ​ൻ​പ​താം ഉ​ത്സ​വ ദി​ന​മാ​യ ഏ​പ്രി​ൽ 3ന് ​ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ നാ​ട​ക​ശാ​ല സ​ദ്യ ന​ട​ക്കും. നാ​ലാം തീ​യ​തി വൈ​കി​ട്ട് ആ​റാ​ട്ട് പു​റ​പ്പെ​ടും.