വീട്ടുകാർ ഉത്സവത്തിനു പോയനേരം വീടിനു തീപിടിച്ചു കത്തി
1418624
Wednesday, April 24, 2024 10:56 PM IST
മാങ്കാംകുഴി: വീട്ടുകാർ ഉത്സവത്തിനുപോയ സമയത്ത് നിർധനകുടുംബം താമസിച്ചിരുന്ന ഷെഡ് തീപിടിത്തത്തിൽ പൂർണമായി കത്തിനശിച്ചു. വെട്ടിയാർ പാറക്കുളങ്ങര മാമ്പ്ര കോളനിയിൽ മാമ്പ്ര തറയിൽ അജിതാക്ഷകുമാറും കുടുംബവും താമസിച്ചിരുന്ന ഷെഡാണ് കത്തിനശിച്ചത്. തീപിടിത്തത്തിനു കാരണം വൈദ്യുതി ഷോർട്ട് സർക്യൂട്ടാണെന്നാണ് നിഗമനം. കറന്റ് പോയി തിരികെ വന്നപ്പോൾ ഷെഡിൽനിന്നു തീ ആളിപ്പടരുകയായിരുന്നു.
കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. പഞ്ചായത്ത് മെംബർ ഷൈനിസയും നാട്ടുകാരും വിവരം അറിയിച്ചതിനെ ത്തുടർന്ന് മാവേലിക്കരയിൽനിന്ന് അഗ്നിരക്ഷാസേന എത്തിയെങ്കിലും അപ്പോഴേക്കും ഷെഡ് പൂർണമായി കത്തി നശിച്ചിരുന്നു. ലൈഫ് പദ്ധതിയിൽ വീട് അനുവദിച്ചതിനെത്തുടർന്നാണ് അജിതാക്ഷകുമാറും കുടുംബവും വീടിനോട് ചേർന്ന് താത്കാലിക ഷെഡ് നിർമിച്ച് അതിലേക്ക് താമസം മാറിയത്.
തീപിടിത്തത്തിൽ ലൈഫ് പദ്ധതിയിൽ ആദ്യ ഗഡുവായി അനുവദിച്ച നാല്പതിനായിരം രൂപയും ടിവി, ഫ്രിഡ്ജ് ഉൾപ്പെടെയുള്ള ഗൃഹോപകരണങ്ങളും വസ്ത്രങ്ങളും സാധനങ്ങളും എല്ലാം കത്തിനശിച്ചു. അജിതാക്ഷകുമാറും ഭാര്യ സൗമ്യ, മക്കളായ വൈഗ, ഗൗതം എന്നിവർ വെട്ടിയാർ ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവ കെട്ടുകാഴ്ച കാണാൻ പോയിരിക്കുകയായിരുന്നു. മാതാവ് ശാരദ (85) ഉത്സവത്തിനുപോയിരുന്നില്ല. എന്നാൽ, ഇവർ തീപിടിത്തസമയത്ത് അയൽപക്കത്തെ വീട്ടിൽ പോയിരിക്കുകയായിരുന്നു. അതിനാൽ ആളപായമില്ലാതെ ദുരന്തം ഒഴിവാകുകയായിരുന്നു.