വീടിന്റെ ടെറസില് സ്ഫോടകവസ്തു
1418625
Wednesday, April 24, 2024 10:56 PM IST
ചെങ്ങന്നൂര്: മുന് ചെങ്ങന്നൂര് ബ്ലോക്ക് അംഗവും തിരുവന്വണ്ടൂര് പഞ്ചായത്തംഗവുമായിരുന്ന വനവാതുക്കര ചിറക്കര വീട്ടില് സാവിത്രിയമ്മയുടെ വീട്ടില് സ്ഫോടക വസ്തു കണ്ടത് പരിഭ്രാന്തി പരത്തി.
സാവിത്രിയമ്മയുടെ വീടിന്റെ ടെറസിലാണ് സ്ഫോടകവസ്തു കണ്ടെത്തിയത്. മകന് 35-ാം നമ്പര് ബിജെപി ബൂത്ത് പ്രസിഡന്റ് ശ്രീരാജ് ഇന്നലെ രാവിലെയാണ് ടെറസിനു മുകളില് തുണിയില് പൊതിഞ്ഞ എന്തോ സാധനം കിടക്കുന്നതായി ശ്രദ്ധിച്ചത്. പുറമേ ആവരണം ചെയ്ത തുണി അഴിച്ചതോടെ സ്ഫോടക വസ്തുവാണെന്ന് സംശയം തോന്നി പോലീസില് വിവരം അറിയിച്ചു.
ചെങ്ങന്നൂര് പോലീസ് സ്ഥലത്തെത്തി ഇതു പുരയിടത്തിന്റെ ഒഴിഞ്ഞ ഭാഗത്താക്കി സംരക്ഷണവലയം തീര്ത്തു. ആലപ്പുഴയില്നിന്നു ബോംബ് സ്ക്വാഡ് എസ്ഐ മൈക്കിളിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി സ്ഫോടകവസ്തു നിര്വീര്യമാക്കി. ബോള് ഐസ്ക്രീമിന്റെ ആകൃതിയിലുള്ള സ്പോടക വസ്തുവിനു പുറത്തേക്ക് മൂന്നു തിരികള് ഉണ്ടായിരുന്നു.
അലൂമ്നിയം നിറത്തിലുള്ള വെടിമരുന്നിനൊപ്പം ചെറിയ മുത്ത് വലിപ്പമുള്ള ബോളുകളുമായിരുന്നു ഇതിനുള്ളില് ഉണ്ടായിരുന്നത്.
ഇത് നിര്വീര്യമാക്കുമ്പോള് പൂത്തിരിക്കു സമാനമായി വിവിധവര്ണങ്ങളില് അന്തരീക്ഷത്തിലേക്കുയര്ന്ന് കത്തുന്നുണ്ടായിരുന്നു. ചൈനീസ് ഗുണ്ടിനു സമാനമായിരുന്നു ഇത്. ഒരാഴ്ച മുന്പ് ശ്രീരാജിന്റെ മാതാവ് സാവിത്രിയമ്മ തേങ്ങാ ഉണക്കാന് ടെറസിനു മുകളില് എത്തിയപ്പോള് ഈ വസ്തു കണ്ണില് പെട്ടതാണ്. കൊച്ചുമക്കളുടെ കളിപ്പാട്ടമാണെന്നു കരുതി കാര്യമായി എടുത്തില്ല.
അതേസമയം, ഇന്നലെ രാവിലെ ഒമ്പതിന് ടെറസിന്റെ മുകളില് തേങ്ങാ ഉണക്കാനെത്തിയ ശ്രീരാജിന്റെ ശ്രദ്ധയില് ഇത് പെടുകയായിരുന്നു. ടെറസിനു മുകളില് സ്ഫോടകവസ്തു കണ്ടെത്തിയതോടെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥര്ക്കു പരാതിക്കൊരുങ്ങുകയാണ് ശ്രീരാജ്.