എംഡിഎംഎയുമായി യുവാവ് പിടിയിൽ
1418626
Wednesday, April 24, 2024 10:56 PM IST
കായംകുളം: എംഡിഎംഎ മയക്കുമരുന്നുമായി കായംകുളത്ത് യുവാവ് പോലീസ് പിടിയിലായി. കായംകുളം ചേരാവള്ളി എൽപി സ്കൂള്‍ ജംഗ്ഷനു സമീപം പുളിമുട്ടിൽ കിഴക്കേതിൽ അൻവർ ഷാ(പൊടിമോൻ-30)യെയാണ് 30 ഗ്രാം എംഡിഎംഎയുമായി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം പോലിസും ചേർന്ന് പിടികൂടിയത്.
മാസങ്ങളായി ബംഗളൂരുവിൽനിന്നു എംഡിഎംഎ ഇയാൾ നാട്ടിലെത്തിച്ച് വിൽപ്പന നടത്തിവരികയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇതിന് മുമ്പും നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്. പല പ്രാവശ്യം ഇയാളെ പിടികൂടിയിരുന്നെങ്കിലും വലിയ തോതിൽ മയക്കുമരുന്നുമായി പിടികൂടുന്നത് ആദ്യമായാണെന്ന് പോലീസ് വ്യക്തമാക്കി.
പോലിസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് ഡിവൈഎസ്പി ബി. പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സ്ക്വാഡും കായംകുളം ഡിവൈഎസ്പി അജയനാഥിന്റെ നേതൃത്വത്തിൽ കായംകുളം സിഐ സുധിർ, എസ്ഐ ഹാഷിം, സീനിയർ സിവിൽ പോലീസ് ഓഫീസർ റെജി, സുനിൽ, സിപിഒ ബിനു, ഫിറോസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.