സ്വപ്നം പൂവണിയാതെ സ്വാമിനാഥൻ മടങ്ങി
1339004
Thursday, September 28, 2023 10:29 PM IST
ആലപ്പുഴ: എം.എസ്. സ്വാമിനാഥനെന്ന പ്രതിഭാശാലിയായ കൃഷിശാസ്ത്രജ്ഞന്റെ മനസിലും ചിന്തയിലുമെന്നും ഉണ്ടായിരുന്ന നാടാണ് ആലപ്പുഴയും കുട്ടനാടും. കുട്ടനാട്ടിലെ നെൽകർഷകരുടെ കൃഷി രീതികളും ബുദ്ധിമുട്ടുകളും കണ്ട അദ്ദേഹം കുട്ടനാടിന്റെ ശാശ്വത രക്ഷക്കായി തയാറാക്കിയതായിരുന്നു കുട്ടനാട് പാക്കേജ്. പുതിയൊരു കുട്ടനാടിനു വേണ്ടിയുള്ള പദ്ധതിയായി ഇതുമാറുമെന്ന പ്രതീക്ഷയും റിപ്പോര്ട്ടിനുണ്ടായിരുന്നു. എന്നാൽ അദ്ദേഹം ലക്ഷ്യം വച്ചതുപോലെ കുട്ടനാട് പാക്കേജ് വേണ്ടവിധം ഉപയോഗപ്പെടുത്തി ജനജീവിതം സുഗമമാക്കാൻ ഇവിടെ മാറിമാറി വന്ന സർക്കാരുകൾക്കായില്ല. 2018ലെ പ്രളയത്തിൽ പാക്കേജുകൾ നടപ്പാക്കിയിരുന്നെങ്കിൽ ഇത്രയും ദുരന്തം ഉണ്ടാകില്ലെന്ന് ചിന്തിച്ചവരാണ്.
പാക്കേജിന്റെ തുടക്കം
തൊണ്ണൂറുകളുടെ പകുതിയിലെത്തിയതോടെ രാജ്യത്തെ കാര്‍ഷികമേഖല ആരാലും രക്ഷിക്കാനാകാത്ത കടുത്ത പ്രതിസന്ധിയില്‍ അമര്‍ന്നു. പ്രതിസന്ധിയില്‍നിന്നു കാര്‍ഷികമേഖലയെ രക്ഷിക്കാനും കര്‍ഷകരെ ആത്മഹത്യയില്‍നിന്നു പിന്തിരിപ്പിക്കാനും ലക്ഷ്യമിട്ടാണ് പാക്കേജുകള്‍ പ്രഖ്യാപിക്കപ്പെട്ടു തുടങ്ങിയത്. മഹാരാഷ്ട്രയില്‍ നടപ്പാക്കിയ വിദര്ഭപാക്കേജ് ആയിരുന്നു ഈദിശയില്‍ ആദ്യത്തേത്. കേരളത്തില്‍തന്നെ വയനാട്, ഇടുക്കി പാക്കേജുകളും പ്രഖ്യാപിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് വിദര്ഭമാതൃകയില് കുട്ടനാടിന്റെ പ്രതിസന്ധി പരിഹരിക്കാന്‍ സഹായിക്കുന്ന പ്രത്യേക പാക്കേജ് വേണമെന്ന ആവശ്യം ഉയര്‍ന്നുവന്നത്.
ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത്, 2006 നവംബര്‍ ഏഴിനാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് എം.എസ്. സ്വാമിനാഥന് റിസര്‍ച്ച് ഫൗണ്ടേഷനെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചത്. ഫൗണ്ടേഷനിലെ വിദഗ്ധര്‍ കുട്ടനാട്ടില്‍ പര്യടനം നടത്തിയും കർഷകരെയും നാട്ടുകാരെയും ജനപ്രതിനിധികളെയും ഭരണ, പ്രതിപക്ഷ നേതാക്കളെയും ഉദ്യോഗസ്ഥരെയും കണ്ടു സംസാരിച്ചും റിപ്പോർട്ട് തയാറാക്കി. ഒരുവര്‍ഷത്തോളം നീണ്ട പഠനത്തിനുശേഷം 2007 അവസാനം സ്വാമിനാഥന് കമ്മീഷന് 227 പേജുവരുന്ന റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ചു. 2008 ജൂലൈ 24നു കേന്ദ്രസര്‍ക്കാര്‍ സ്വാമിനാഥന് റിപ്പോര്‍ട്ട് അംഗീകരിച്ചു. 2008 ഒക്ടോബറില്‍ സംസ്ഥാനസര്‍ക്കാരും പാക്കേജ് അംഗീകരിച്ച.
2010ൽ അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ കുട്ടനാട്ടിൽ പാക്കേജിന്റെ ഉദ്ഘാടനവും നിർവഹിച്ചു. കുട്ടനാടിന്റെ പരിസ്ഥിതി പുനഃസ്ഥാപനവും ജീവനോപാധി സംരക്ഷണവും ലക്ഷ്യമിട്ട പാക്കേജ് 1840 കോടി രൂപയുടേതായിരുന്നു. മൂന്നു വർഷത്തിനകം നടപ്പാക്കേണ്ട പാക്കേജിന്റെ കാലാവധി 2016 വരെ നീട്ടിക്കൊടുത്തിട്ടും കഷ്ടിച്ച് 750 കോടി മാത്രമാണ് ചെലവഴിക്കാനായത്.കാര്യക്ഷമമായ ഏകോപനമില്ലെന്നതായിരുന്നു പ്രധാന പോരായ്മ.
ഫലത്തിലെത്തിയില്ല
സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് കേന്ദ്രം അംഗീകരിക്കുന്നത് 2008 ജൂലൈ 24നാണ്. കൃത്യം പത്തു വര്‍ഷം കഴിഞ്ഞപ്പോള്‍ പാക്കേജ് പുനരുജീവിപ്പിക്കുന്നതിനെക്കുറിച്ചു നമ്മുടെ ഭരണനേതൃത്വത്തിനു ചിന്തിക്കേണ്ടിവന്നു. കാരണം കുട്ടനാടിനെ രക്ഷിക്കാന്‍ ലഭിച്ച അമൂല്യ അവസരം കളഞ്ഞുകുളിച്ചതിന്റെ മുഖ്യപ്രതിസ്ഥാനത്തു സംസ്ഥാന സര്‍ക്കാര്‍തന്നെ. ഉദ്യോഗതലത്തിലെ ഏകോപനമില്ലായ്മയും പ്രോജക്ട് നടപ്പാക്കുന്നതിനു തടസമായി.
പ്രോജക്ട് തയാറാക്കല്‍ മുതല്‍ എല്ലാ ഘട്ടത്തിലും ഇതുണ്ടായി. പാക്കേജ് നടപ്പാക്കലില്‍ പ്രധാന പങ്കുവഹിക്കേണ്ട റവന്യൂ, കൃഷി, ജലസേചന, പൊതുമരാമത്തു വകുപ്പുകളുടെ മേലധികാരികള്‍ കുട്ടനാട്ടിലെ യാഥാര്‍ഥ്യങ്ങള്‍ മനസിലാക്കാതെ തിരുവനന്തപുരത്തിരുന്നു തയാറാക്കിയ പ്രോജക്ടുകള്‍ പരസ്പരവിരുദ്ധങ്ങളായിരുന്നു.
കര്‍ഷക കൂട്ടായ്മകളുമായി ചര്‍ച്ച ചെയ്തു പ്രോജക്ടുകള്‍ തയാറാക്കണമെന്ന കമ്മിഷന്റെ നിര്‍ദേശം അവഗണിച്ച് ഉദ്യോഗസ്ഥര്‍ സ്വന്തം താല്പര്യങ്ങള് മുന്നിർത്തിയതും പാക്കേജിന്റെ ലക്ഷ്യത്തിനു തിരിച്ചടി.
കനാലുകളുടെ ആഴം കൂട്ടി എക്കൽ നീക്കി സംരക്ഷിച്ച് നീരൊഴുക്ക് സുഗമമാക്കണമെന്നായിരുന്നു പാക്കേജിൽ സ്വാമിനാഥൻ നിർദേശിച്ചത്. ഒരു ഹെക്ടർ ജലാശയത്തിൽ ഒരു വർഷം ഒരു ടൺ മുതൽ 25 ടൺ വരെ എക്കൽ അടിയുന്നുവെന്നാണ് കണക്ക്.
എസി കനാലുകളുടെയും കായലുകളുടെയും തണ്ണീർമുക്കം ബണ്ടിന്റെയും നവീകരണങ്ങളും ഫലംകണ്ടില്ല. കേരളം പ്രളയത്തെ അഭിമൂഖികരിച്ചപ്പോൾ ഈ പാക്കേജ് നടപ്പാക്കാത്തതു വിമർശനങ്ങൾക്കിടയാക്കിയിരുന്നു. പിന്നീട് അതും ചർച്ചകളിൽ അവസാനിക്കുന്ന കാഴ്ചയാണ് കണ്ടത്. ആ പാക്കേജ് ഒരിക്കലും പൂർത്തിയാവില്ലെന്ന യാഥാർത്ഥ്യ ബോധം അദ്ദേഹത്തെ വല്ലാതെ നിരാശപ്പെടുത്തിയിരുന്നു.