ഓപ്പറേഷൻ സിന്ദൂർ @ എണ്ണൂറാംവയൽ
1564478
Tuesday, June 3, 2025 5:34 AM IST
വെച്ചൂച്ചിറ: പ്രവേശനോത്സവം വ്യത്യസ്തതകൾ തീർത്തപ്പോൾ രാജ്യസ്നേഹത്തിന്റെ പ്രതീകമായി ഓപ്പറേഷൻ സിന്ദൂറിന്റെ സ്മരണകൂടി അയവിറക്കിയാണ് വെച്ചൂച്ചിറ എണ്ണൂറാംവയൽ സിഎംഎസ് എൽപി സ്കൂളിൽ കുരുന്നുകൾക്ക് അവിസ്മരണീയ വിരുന്നൊരുക്കിയത്.
നവാഗതരെയും വിദ്യാലയത്തിലേക്ക് തിരികെ എത്തുന്ന മുതിർന്ന ക്ലാസിലെ കുട്ടികളെയും വരവേറ്റത് വിസ്മയകാഴ്ചകളുടെ വർണപ്പെരുമഴ തന്നെ ആയിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന്റെയും ഓപ്പറേഷൻ സിന്ദൂറിന്റെയും പശ്ചാത്തലത്തിൽ ദേശസ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം പകരുന്ന കാഴ്ചകളായിരുന്നു കുട്ടികൾക്കായി ഒരുക്കിയത്.
റാന്നി സെന്റ് തോമസ് കോളജ് എൻസിസി കേഡറ്റുകളായിരുന്നു കുട്ടികളെ വരവേൽക്കാൻ എത്തിയത്. വാദ്യ മേളങ്ങളുടെ അകമ്പടിയോടെ പൂക്കളും ബലൂണുകളും മധുരവും നൽകി കേഡറ്റുകൾ കുരുന്നുകളെ സ്വീകരിച്ചു. ആകാശത്തു പാറിപ്പറന്ന ഡ്രോണുകൾ വർഷിച്ച സിന്ദൂര മഴയിൽ കുളിച്ച കുട്ടികൾ കൗതുകത്തോടെയുംഅമ്പരപ്പോടെയും ആദ്യദിനം ആഘോഷമാക്കി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ. വി. വർക്കി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
സ്കൂൾ ലോക്കൽ മാനേജർ റവ. സോജി വർഗീസ് ജോൺ അധ്യക്ഷത വഹിച്ചു. റവ.ബൈജു ഈപ്പൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി. കെ. രാജൻ, ഷാജി കൈപ്പുഴ, പി. ടി. മാത്യു, എം ടി മത്തായി, സാം ഏബ്രഹാം, സാം സി. മാത്യു, സോമി ജയ്സൻ, പിടിഎ പ്രസിഡന്റ് ഷൈനു ചാക്കോ, വൈസ് പ്രസിഡന്റ് ആഷിക് പീടികപ്പറമ്പിൽ, മദർ പിടിഎ പ്രസിഡന്റ് ഷൈനി ജോർജ്, മഞ്ജു രാജ് എന്നിവർ പ്രസംഗിച്ചു. പഹൽഗാം ഭീകരാക്രമണവും ഓപ്പറേഷൻ സിന്ദൂരും പ്രമേയമാക്കി എൻസിസി കേഡറ്റുകൾ അവതരിപ്പിച്ച ദൃശ്യാവിഷ്കാരവും കലാ പരിപാടികളും കുട്ടികൾക്ക്
ദൃശ്യവിരുന്നായി.