15 വർഷം പിന്നിടുന്പോഴും റാന്നി ഐടിഐ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ
1460343
Friday, October 11, 2024 2:38 AM IST
പത്തനംതിട്ട: റാന്നി ഗവൺമെന്റ് ഐടിഐ ഇപ്പോഴും പഞ്ചായത്ത് വക പെരുന്പുഴ ബസ് സ്റ്റാൻഡ് കെട്ടിടത്തിലാണ്. പരിമിതമായ സൗകര്യങ്ങളോടെ 2009-ലാണ് റാന്നിയിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനായി സർക്കാർ മേഖലയിൽ ഐടിഐ ആരംഭിക്കുന്നത്. പ്രവർത്തനം തുടങ്ങി 15 വർഷം പിന്നിടുന്പോഴും സ്വന്തമായി കെട്ടിടമോ സൗകര്യങ്ങളോ ഐടിഐയ്ക്ക് ആയിട്ടില്ല.
റാന്നി ടൗണിലെ ഏക സർക്കാർ ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണിത്. വ്യാവസായിക പരിശീലന വകുപ്പിനു കീഴിലാണ് ഐടിഐയുടെ പ്രവർത്തനം. ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), ഇലക്ട്രോണിക്സ് മെക്കാനിക്ക് എന്നീ രണ്ട് ട്രേഡുകളിലേക്കാണ് പ്രവേശനം. അസൗകര്യങ്ങൾ ഏറിയതോടെ പുതിയ കോഴ്സുകൾ അനുവദിക്കാൻതന്നെ ബുദ്ധിമുട്ടായി. നൂറു കണക്കിനു കുട്ടികൾ ഇതിനോടകം ഇവിടെനിന്ന് പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയിട്ടുണ്ട്.
റാന്നി പഞ്ചായത്തിലെ പെരുന്പുഴ ബസ് സ്റ്റാൻഡിലെ വ്യാപാര സമുച്ചയത്തിലെ മുകൾ നിലയാണ് ഐടിഐയ്ക്കുവേണ്ടി വിട്ടു നൽകിയിരിക്കുന്നത്. ക്ലാസ് മുറികളും ഓഫീസുമെല്ലാം ഇവിടെത്തന്നെ പ്രവർത്തിക്കുന്നു. ആവശ്യാനുസരണം ശുചിമുറിപോലുമില്ലാത്ത അവസ്ഥയാണ്. പെൺകുട്ടികൾ അടക്കം ഐടിഐ ട്രേഡിൽ പഠനത്തിനെത്തുന്നുണ്ട്. ക്ലാസ് മുറികളുടെ സ്ഥലപരിമിതിയും ലാബോറട്ടറി സൗകര്യമില്ലാത്തതും പരാതികൾക്കിടനൽകുന്നു.
ഇതേ കെട്ടിടത്തിൽ വാണിജ്യ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. കാന്പസ് സൗകര്യങ്ങൾ അടക്കം ഇല്ല. സ്വന്തമായ ഒരു കെട്ടിടം ഐടിഐയ്ക്കുവേണ്ടി നിർമിക്കുമെന്നും താത്കാലികാടിസ്ഥാനത്തിൽ ക്ലാസ് ഈ കെട്ടിടത്തിൽ നടക്കട്ടേയെന്നുമുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് 2009-ൽ ഉദ്ഘാടനം നടന്നത്.
സ്ഥലം കണ്ടെത്തി; കെട്ടിട നിർമാണം വൈകുന്നു
റാന്നി ഗവണ്മെന്റ് ഐടിഐയ്ക്കായി പമ്പാ ജലസേചന പദ്ധതിയുടെ ഉതിമൂട് വലിയകലുങ്ക് നീര്‍പ്പാലത്തിനു സമീപം സ്ഥലം കണ്ടെത്തിയിട്ടുതന്നെ വര്‍ഷങ്ങളായി. റാന്നിയില്‍ ഐടിഐ അനുവദിച്ചതിനു പിന്നാലെ സ്ഥലവും കണ്ടെത്തിയതാണ്. പിഐപി വക സ്ഥലം വ്യാവസായ പരിശീലന വകുപ്പിനു കൈമാറുകയായിരുന്നു. കെട്ടിടം നിര്‍മിക്കാന്‍ പത്തു വര്‍ഷം മുമ്പ് അഞ്ചു കോടി രൂപയും അനുവദിച്ചു. രണ്ടു വര്‍ഷം മുമ്പ് നിര്‍മാണം കരാര്‍ ചെയ്തു.
പിഎം റോഡരികില്‍ ചെരിവുള്ള ഭൂമിയാണിത്. സ്ഥലത്തിന്റെ കിടപ്പ് അനുസരിച്ച് മൂന്ന് തട്ടുകളായി കെട്ടിടം നിര്‍മിക്കാനാണ് തീരുമാനം. ഇതനുസരിച്ചാണ് കരാര്‍ നല്‍കിയത്. തറ നിരപ്പാക്കുന്ന ജോലി രണ്ടു വര്‍ഷം മുമ്പ് തുടങ്ങി. എന്നാല്‍ പാറ കണ്ടതോടെ പണി ഉപേക്ഷിച്ചു. പാറ പൊട്ടിച്ചു നീക്കുന്നതിന് എസ്റ്റിമേറ്റില്‍ തുക നീക്കിവച്ചിരുന്നില്ല.
രൂപരേഖയില്‍ മാറ്റംവരുത്തി സാങ്കേതിക വകുപ്പ് ഡയറക്ടറുടെ അംഗീകാരവും വാങ്ങിയിരുന്നു. രണ്ടുവര്ഷങ്ങള്കൊണ്ടാണ് ഇത്രയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. അപ്പോഴേക്കും കരാര്‍ തുക പോരെന്നായി. നിര്‍മാണ സാമഗ്രികളുടെ വില വര്‍ധനകൂടി കണക്കിലെടുത്ത് പിഡബ്ല്യുഡി നിരക്കില്‍ മാറ്റം വേണമെന്ന് കരാറുകാരന് ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചില്ല.
തറ നിരപ്പാക്കല്‍ ജോലികള്‍ കഴിഞ്ഞയിടെ പുനരാരംഭിച്ചിരുന്നു. നിര്‍മാണ ജോലികള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് പ്രമോദ് നാരായണ്‍ എംഎല്‍എ പറയുന്നത്.
ഇനി കാത്തിരിക്കാനാകില്ല
റാന്നി ഐടിഐ കെട്ടിടത്തിനുവേണ്ടി ഇനി കാത്തിരിക്കാനാകില്ലെന്ന് ബന്ധപ്പെട്ട വകുപ്പിനു തോന്നിത്തുടങ്ങി. പ്രിന്‍സിപ്പല്‍മാരായി എത്തിയവരില്‍ ഏറെയും ഐടിഐയ്ക്കു കെട്ടിടം നിര്‍മിക്കുന്നതിനുവേണ്ടിയുള്ള നടപടിക്രമങ്ങളില്‍ ഇടപെടല്‍ നടത്തിയിരുന്നതാണ്. എന്നാല്‍ ഫണ്ടിന്റെ അഭാവവു മറ്റും പറഞ്ഞു നിര്‍മാണം മുമ്പോട്ടു കൊണ്ടുപോകുകയായിരുന്നു.
ഐടിഐ പഠനത്തിനായി കുട്ടികളെ ലഭിക്കുന്നുണ്ടെന്നതിനാല്‍ റാന്നി ഐടിഐ സ്വന്തം കെട്ടിടത്തിലേക്ക് മാറണമെന്ന് വ്യവസായ പരിശീലന വകുപ്പ് സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് നല്കി. കെട്ടിട നിര്‍മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ ഫണ്ട് ലഭ്യമാക്കാന്‍ വേണ്ടിയാണിത്.
ചെന്നീര്‍ക്കര, ചേരിക്കല്‍ തുടങ്ങി ജില്ലയിലെ മറ്റു സര്‍ക്കാര്‍ ഐടിഐകള്‍ സ്വന്തം കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. റാന്നി നിയോജക മണ്ഡലത്തിലെ മറ്റൊരു സര്‍ക്കാര്‍ സ്ഥാപനമായ വെച്ചൂച്ചിറ സര്‍ക്കാര്‍ പോളി ടെക്നിക്കിനും സ്വന്തം കെട്ടിടം നിര്‍മിച്ചിട്ടുണ്ട്.