ചെണ്ടമേളത്തിൽ കൊട്ടിക്കയറി ശ്രീറാം
1575204
Sunday, July 13, 2025 3:33 AM IST
അടൂർ: സംസ്ഥാന പോളിടെക്നിക് കലോത്സവം ചെണ്ടമേളം മത്സരത്തിൽ കൊട്ടിക്കയറിയ ശ്രീറാം കാണികളെ ആവേശ കൊടിമുടിയിൽ എത്തിച്ചു. സ്കൂൾ തലങ്ങളിലെ കലോത്സവ വിജയം കോളജ് തലത്തിലും ആവർത്തിക്കുകയാണ് ശ്രീറാം രഞ്ജൻ.
ഇന്റർ പോളിടെക്നിക് സംസ്ഥാന കലോത്സവത്തിൽ ചെണ്ട, തായമ്പക, വയലിൻ എന്നീ ഇനങ്ങളിൽ ഫസ്റ്റ് എ ഗ്രേഡും, മൃദംഗത്തിൽ തേർഡ് എ ഗ്രേഡും നേടിയ ശ്രീറാമാണ് വിജയ യാത്ര തുടരുന്നത്. തൃപ്രയാർ ശ്രീരാമ പോളിടെക്നിക് കോളജിലെ രണ്ടാം വർഷ മെക്കാനിക്കൽ വിദ്യാർഥിയാണ്.
2023 ടെക്നിക്കൽ ഹൈസ്കൂൾ സംസ്ഥാന കലോത്സവത്തിൽ ചെണ്ട, വയലിൻ എന്നിവയ്ക്ക് എ ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്. ആറ് വയസു മുതൽ ചെണ്ടയും മറ്റ് വാദ്യോപകരണങ്ങളും അഭ്യസിച്ചു വരുന്നു.
തൃശൂർ പുത്തൻചിറ അരങ്ങത്ത് വീട്ടിൽ രഞ്ജൻ- ശ്രീദേവി ദമ്പതികളുടെ മകനാണ്.