ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്: പ്രാദേശിക കക്ഷികൾ നിർണായക ശക്തിയായി മാറും-ജോസ് കെ. മാണി
1575215
Sunday, July 13, 2025 4:09 AM IST
വെച്ചൂച്ചിറ: ആസന്നമായ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ദേശീയ പാർട്ടികളേക്കാൾ ജനപിന്തുണ ആർജ്ജിച്ച് നിർണായക ശക്തികളായി മാറാൻ പ്രാദേശിക പാർട്ടികൾക്ക് കഴിയുമെന്ന് കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി എംപി.
കേരള കോൺഗ്രസ്-എം റാന്നി നിയോജകമണ്ഡലം കമ്മിറ്റി വെച്ചൂച്ചിറയിൽ സംഘടിപ്പിച്ച ദ്വിദിന പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മലയോരമേഖലയിലെ ജനങ്ങൾ നേരിടുന്ന വിഷയങ്ങളിലും കാർഷിക പ്രശ്നങ്ങളിലും ഭരണ, പ്രതിപക്ഷ രാഷ്ട്രീയ വ്യത്യാസമില്ലാതെ ശക്തമായ നിലപാട് സ്വീകരിച്ച് കേരള കോൺഗ്രസ്-എം ജനങ്ങൾക്കൊപ്പം അടിയുറച്ചു നിൽക്കുമെന്നും ജോസ് ക. മാണി പറഞ്ഞു.
പാർട്ടിയുടെ വിശ്വാസ്യത തകർക്കുവാൻ ലക്ഷ്യമിട്ട് വലതുപക്ഷ മാധ്യമങ്ങൾ നടത്തുന്ന മുന്നണി മാറ്റ ചർച്ചകൾ കേരള സമൂഹത്തിൽ വിലപ്പോവില്ലെന്നും, കേരള കോൺഗ്രസ്-എം എക്കാലവും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കൊപ്പം അടിയുറച്ചു നിൽക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു.
വനം-വന്യ ജീവി വിഷയത്തിൽ ശാശ്വത പരിഹാരം കാണുവാൻ പാർട്ടി നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ഉടൻതന്നെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.
റാന്നി നിയോജകമണ്ഡലം പ്രസിഡന്റ് ജോർജ് ഏബ്രഹാം അധ്യക്ഷത വഹിച്ചു. പ്രമോദ് നാരായൺ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് സജി അലക്സ്, സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളായ മനോജ് മാത്യു, ഡോ. വർഗീസ് പേരയിൽ, ജില്ലാ ജനറൽ സെക്രട്ടറി ഏബ്രഹാം വാഴയിൽ, ബിബിൻ കള്ളംപറമ്പിൽ, ഷെറി തോമസ്, ബോബി കാക്കനാപള്ളിൽ, റിന്റോ തോപ്പിൽ, എം.സി. ജയകുമാർ, ടോമി വടക്കേമുറി, മാത്യു നൈനാൻ, ഹാൻലി ജോൺ,
ടോം ആയല്ലൂർ, റോസമ്മ സക്കറിയ, ബഹനാൻ ജോസഫ്, ജോൺ വി. തോമസ്, ടിബു പുരക്കൽ, ദിലീപ് ഉതിമൂട്, ശോഭ ചാർളി, ബാബു അന്ത്യൻകുളം, ടോമി പാറകുളങ്ങര, പൊന്നി വെച്ചൂച്ചിറ എന്നിവർ പ്രസംഗിച്ചു.