സംസ്ഥാനത്തെ പ്രധാന വകുപ്പുകള്‍ കെടുകാര്യസ്ഥതയില്‍: ജോസഫ് മാര്‍ ബര്‍ണബാസ്
1575576
Monday, July 14, 2025 3:35 AM IST
റാന്നി: സംസ്ഥാനത്തെ വിദ്യാഭ്യാസം, ആരോഗ്യം, വനം വന്യജീവി, ആഭ്യന്തരം, യുവജന ക്ഷേമം, തൊഴില്‍ വകുപ്പുകള്‍ കെടുകാര്യസ്ഥതയിലാണെന്ന് മാര്‍ത്തോമ്മ സഭ റാന്നി - നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത. ഭദ്രാസന വാര്‍ഷിക അസംബ്ലിയില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
സമഗ്രമായ മാറ്റങ്ങള്‍ക്ക് ബന്ധപ്പെട്ടവര്‍ തയാറായില്ലെങ്കില്‍ കേരളം വന്‍ വിപത്തുകള്‍ അഭിമുഖീകരിക്കേണ്ടിവരുമെന്നും സഫ്രഗന്‍ മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. അമിതമായ രാഷ്ട്രീയ ഇടപെടലുകള്‍ സര്‍വകലാശാലകളുടെ മഹത്വവും നിലവാരവും തകര്‍ത്തു.
പിഎസ്സി റാങ്ക് ലിസ്റ്റ് മറികടന്ന് നടക്കുന്ന പുറംവാതില്‍ നിയമനങ്ങളും പരീക്ഷാ ക്രമക്കേടുകളും പെരുകുന്ന അക്രമങ്ങളും തൊഴില്‍ സാധ്യതകളുടെ അപര്യാപ്തതയും മറ്റുമാണ് യുവജനങ്ങള്‍ കേരളം വിടുന്നതിന് പ്രധാന കാരണങ്ങള്‍. മദ്യശാലകള്‍ തുടങ്ങുവാന്‍ കാട്ടുന്ന ഉത്സാഹം എന്തുകൊണ്ടാണ് വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതില്‍ ഉണ്ടാകാത്തതെന്നും ഡോ. ജോസഫ് മാര്‍ ബര്‍ണബാസ് ആരാഞ്ഞു.
വര്‍ധിച്ചുവരുന്ന വന്യജീവി, തെരുവുനായ ആക്രമണങ്ങള്‍ തടയാനും പരിഹരിക്കാനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിമുഖത കാണിക്കുന്നതില്‍ ഭദ്രാസന വാര്‍ഷിക അസംബ്ലി യോഗത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലൂടെ പ്രതിഷേധം രേഖപ്പെടുത്തി. വനാതിര്‍ത്തിയില്‍ മാത്രമല്ല നാട്ടിന് പുറങ്ങളില്‍പോലും വന്യമൃഗങ്ങളെ ഭയന്നാണ് ജനങ്ങള്‍ ജീവിക്കുന്നത്. ഭരണാധികാരികള്‍ നിയമത്തിന്റെ നൂലാമാലകള്‍ തിരിച്ചറിഞ്ഞു പരിഹാരത്തിനായി തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
ഭദ്രാസന സെക്രട്ടറി റവ. തോമസ് കോശി പനച്ചമൂട്ടില്‍ വര്‍ഷിക റിപ്പോര്‍ട്ടും വരവു ചെലവു കണക്കും ഭദ്രാസന ട്രഷറര്‍ അനു ഫിലിപ്പ് 2025 -26 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റും അവതരിപ്പിച്ചു.
കേരള സര്‍ക്കാരുമായി സഹകരിച്ച് റാന്നി മന്ദിരം ജംഗ്ഷനില്‍ വിനോദ, വിശ്രമ, കായിക ആരോഗ്യ കേന്ദ്രം നിര്‍മിക്കുന്നതിനായി പതിനഞ്ചു സെന്റ് ഭൂമി സര്‍ക്കാരിന് വിട്ടു നല്കാന് യോഗം തീരുമാനിച്ചു. മൈലപ്രയ്ക്കു സമീപം ചീങ്കല്തടത്തില് വാങ്ങിയ സ്ഥലത്ത് ധ്യാനാശ്രമവും മുതിര്‍ന്ന പൗരന്മാര്ക്കുള്ള പരിചരണ കേന്ദ്രവും സ്ഥാപിക്കുന്നതിനും അഞ്ചുകുഴിയില്‍ മാനസിക ആരോഗ്യ കേന്ദ്രത്തിന്റെ പണികള്‍ ആരംഭിക്കുന്നതിനും യോഗം തീരുമാനിച്ചു.
യുവജന ശക്തീകരണം, തരിശുഭൂമി കൃഷി, ഗ്രാമവികസനം, വിദ്യാഭ്യാസ സഹായം, ചികിത്സാ സഹായം, ആദിവാസികള്‍ക്കായി കനവ് പാര്‍പ്പിട പദ്ധതി, ഭവന പുനരുദ്ധാരണ പദ്ധതി, മിഷന് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി നിരവധി പദ്ധതികള്‍ക്കായി ബജറ്റില്‍ തുക വകകൊള്ളിച്ചിട്ടുണ്ട്.
റവ. ജോസഫ് ഉമ്മന്‍ ധ്യാനപ്രസംഗം നടത്തി. ആരാധനയ്ക്ക് റവ. ജോയിഷ് പാപ്പച്ചന്, ലിജിന്‍ കെ ജോസഫ്, മാത്യുസണ് പി. തോമസ്, ആനി പി. ഏബ്രഹാം എന്നിവര്‍ നേതൃത്വം നല്കി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വിദ്യാഭ്യാസ, കായിക, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലും സണ്ഡേസ്കൂള് രംഗത്തും പുരസ്കാരങ്ങള്‍ നേടിയവരെ യോഗം ആദരിച്ചു.