ഉദ്യോഗസ്ഥ പിൻബലമില്ല; ക്വാറികളിലെ പരിശോധനകൾ ദുർബലം
1575026
Saturday, July 12, 2025 3:47 AM IST
പത്തനംതിട്ട: ക്വാറികളിലെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിൽ ഉദ്യോഗസ്ഥ സംവിധാനങ്ങൾ ദുർബലം. 1400ൽ പരം പരം ക്വാറികൾ പ്രവർത്തിക്കുന്ന കേരളത്തിൽ മൈൻ സേഫ്റ്റിഓഫീസ് ഇതേവരെ അനുവദിച്ചിട്ടില്ല.
പാറ ഖനനം അടക്കമുള്ളവയുടെ സുരക്ഷാ ചുമതല ഡയറക്ടർ ജനറൽ മൈൻ സേഫ്റ്റിക്കാണ്. നിലവിൽ ബംഗുളൂരുവിലുള്ള ഓഫീസിന്റെ കീഴിലാണ് കേരളത്തിലെ ഖനന മേഖല പ്രവർത്തിക്കുന്നത്. ഉരുൾ പൊട്ടൽ, ഖനന ദുരന്തം അടക്കമുള്ള നിരവധി ദാരുണ സംഭവങ്ങൾ കേരളത്തിൽ നടന്നിട്ടും മൈൽ സെഫ്റ്റി ഓഫീസ് സംസ്ഥാനത്ത് ആരംഭിക്കണമെന്ന ആവശ്യം മുന്നോട്ടു വയ്ക്കാൻ സംസ്ഥാന സർക്കാരുകൾ തയാറായിട്ടുമില്ല.
സുരക്ഷ മുൻ കരുതൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സംസ്ഥാനത്തെ വിവിധ വകുപ്പുകൾ വിട്ടുവീഴ്ച ചെയ്യുന്നതാണ് ഇപ്പോഴത്തെ നടപടികൾ ദുർബലപ്പെടാനുള്ള കാരണം. റവന്യൂ, ജിയോളജി, മലിനീകരണ നിയന്ത്രണം, തദ്ദേശ സ്ഥാപനം, പോലീസ്, വനം വകുപ്പുകൾ ക്വാറി പ്രവർത്തനങ്ങളിൽ ഇടപെടാറുണ്ട്.
ഓരോ വകുപ്പുകളും അവരവരുടേതായ പരിധികളിൽ നിന്നുള്ള അനുമതിയാണ് നൽകുന്നത്. പ്രാദേശിക തദ്ദേശസ്ഥാപനങ്ങൾക്കും അവരുടേതായ ഉത്തരവാദിത്വം നിർവഹിക്കാനുണ്ട്. എന്നാൽ രാഷ്ട്രീയ സമ്മർദം കാരണം എല്ലാ അനുമതികളും വേഗത്തിൽ തരപ്പെടുത്താൻ ക്വാറി ഉടമകൾക്ക് കഴിയും. മൈൻ സേഫ്റ്റി ഓഫീസ് ഇല്ലാത്തതിനാൽ നിബന്ധനകളിൽ കർശന സ്വഭാവം ഒരു വകുപ്പും കാട്ടാറില്ല.
കോന്നി, പയ്യനാമൺ ചെങ്കുളത്ത് പാറമടയിൽ രണ്ട് ജോലിക്കിടെ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിക്കാൻ ഇടയായ സംഭവമാണ് സർക്കാരിന്റെ അലംഭാവത്തിലേക്ക് വിരൽ ചൂണ്ടുന്നത്. സംസ്ഥാനത്ത് ആകെ 1446 പാറമടകൻ ഉണ്ടെന്നാണ് സർക്കാർ കണക്ക്. എന്നാൽ ഖനന വകുപ്പിന്റെ കണക്കു പ്രകാരം ആകെയുള്ളത് 561 പാറമടകൾ മാത്രം. 1678 പാറമടകളുടെ അപേക്ഷ ഖനന വകുപ്പിന് ലഭിച്ചിട്ടുണ്ട്. ഇതിൽ 522 എണ്ണം ലാറ്ററൈറ്റ് ക്വാറികളും 1156 എണ്ണം ഗ്രാനൈറ്റ് മടകളുമാണ്. ഇത്രയും ഖനന കേന്ദ്രങ്ങളുള്ള കേരളത്തിലാണ് ഇത്തരത്തിലുള്ള അനാസ്ഥ തുടരുന്നത്.
ബംഗുളൂവിലുള്ള ഡയറക്ടർ ജനറൽ മൈൻ സെഫ്റ്റി ഓഫീസിൽ നിന്നും ഉദ്യോഗസ്ഥരാരും കേരളത്തിലേക്ക് വരാറില്ല.ഏതെങ്കിലും തരത്തിലുള്ള പരാതിയെ തുടർന്നാണ് വരുന്നതെങ്കിൽ കൃത്യമായി വിവരം ക്വാറി ഉടമയ്ക്ക് ലഭിച്ചിരിക്കും.
പുതിയ പാറമട തുടങ്ങുകയാണെങ്കിൽ അധികൃതർ സ്ഥലത്തെത്തി മൈൻ സെഫ്റ്റി നിയമം അനുസരിച്ചാണ് പ്രവർത്തന അനുമതി നൽകേണ്ടത്. കൂടാതെ നിയമം പാലിക്കുന്നുണ്ടൊ എന്ന് ഇടയ്ക്കിടെ പരിശോധിക്കുകയും വേണം. ദുരന്തം നടന്നാൽ, കാരണം കണ്ടെത്താനും ഇവർ വരണം. പക്ഷേ കേരളത്തിൽ ഇതൊന്നും നടക്കുന്നില്ലെന്നാണ് ആരോപണം.
പദ്ധതിക്ക് അനുമതി നൽകുക എന്നതു മാത്രമാണ് ജിയോളജി വകുപ്പിന്റെ കടമ. ഏതെങ്കിലും വിധത്തിലുള്ള മലിനീകരണം പദ്ധതി മൂലം ഉണ്ടാകാൻ സാധ്യതയുണ്ടൊ എന്ന് കണ്ടെത്തുക മാത്രമാണ് മലിനീകരണ നിയന്ത്രണ ബോർഡ് ചെയ്യേണ്ടത്. പരാതികളുണ്ടായാൽ അന്വേഷണം പ്രഹസനമാകുകയും ചെയ്യും.
നടപടികൾ ദുർബലപ്പെടുത്തി ദുരന്ത നിവാരണം
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ കോന്നി അടക്കമുള്ള അതീവ ദുർബല മേഖലയിൽ ഖനനം തടയാൻ നിർദ്ദേശം നൽകേണ്ടത് റവന്യൂ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ദുരന്തനിവാരണ വകുപ്പാണ്.
ദുരന്തസാധ്യത മുൻകൂട്ടി കണ്ടാണ് നടപടി എടുക്കേണ്ടത്. ഇവരുടെ നിർദേശത്തെ തുടർന്നാണ് ജില്ലാ കളക്ടർ നടപടി സ്വീകരിക്കേണ്ടത്. പത്തനംതിട്ട ജില്ലയിൽ സമീപകാലത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ച ദിവസങ്ങളിൽ രണ്ടോ മൂന്നോ ദിവസമാണ് ഖനന നിയന്ത്രണമുണ്ടായിരുന്നത്. സർക്കാർ നിയന്ത്രണത്തിൽ ഇതര ജില്ലകളിൽ നടക്കുന്ന ജോലികൾക്ക് പാറയും ക്രഷർ ഉത്പന്നങ്ങളും വേണമെന്ന പേരിൽ നിരോധന ഉത്തരവുകൾ പെട്ടെന്നു തന്നെ പിൻവലിക്കപ്പെടും.
ആവശ്യത്തിൽ അധികം സ്ഫോടക ശേഖരം
ക്വാറികളുടെ ശേഷി അനുസരിച്ചാണ് ആവശ്യത്തിന് സ്ഫോടക ശേഖരം കരുതാൻ അനുമതി നൽകുന്നത്. പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സെഫ്റ്റി നിയന്ത്രണത്തിലാണിത്. എന്നാൽ നിയമങ്ങൾ ആരും പാലിക്കാറില്ല. ആവശ്യത്തിനു വേണ്ടതിനേക്കാൾ ഇരട്ടിയിലധികം സ്ഫോടക വസ്തുക്കൾ അനധികൃതമായി കരുതുന്നവർ ഉണ്ടെന്നാണ് അറിവ്.
ഇത്തരത്തിലുള്ള അധിക ശേഖരം സംബന്ധിച്ച് നിരവധി കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യഥാസമയം പരിശോധന നടക്കാത്തതാണ് ഇതിനു കാരണം. ചെങ്കുളത്ത് പാറമടയിലെ ദുരന്തത്തേ തുടർന്ന് എല്ലാ ക്വാറികളും പരിശോധിച്ചു റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുണ്ടെങ്കിലും പരിശോധനകൾ ദുർബലപ്പെടും. ആവശ്യമായ സംവിധാനങ്ങളോ ഉദ്യോഗസ്ഥരെ വകുപ്പുകൾക്കില്ല എന്നതു തന്നെ പ്രധാന കാരണം.
കോന്നി പാറമട ദുരന്തം: മൃതദേഹം നാട്ടിലേക്ക് അയച്ചു
കോന്നി പാറമട ദുരന്തത്തില്‍ മരിച്ച തൊഴിലാളികളുടെ മൃതദേഹം നാട്ടിലേക്ക് അയച്ചു. ഇന്നലെ പുലര്‍ച്ചെ 5.25 ന് നെടുമ്പാശേരിയില്‍ നിന്ന് ഇന്‍ഡിഗോയുടെ 6ഇ702 വിമാനത്തിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് കന്നി പയ്യനാമണ്‍ ചെങ്കുളത്ത് ക്വാറിയിലാണ് പാറ ഇടിഞ്ഞുവീണ് ഒഡീഷ സ്വദേശി അജയ് റായ്, ബീഹാര്‍ സ്വദേശി മഹാദേവ് പ്രദാന്‍ എന്നിവര്‍ മരിച്ചത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. തുടര്‍ന്ന് മൃതദേഹങ്ങള്‍ കോട്ടയത്ത് എംബാം ചെയ്തു.
ഭുവനേശ്വറിനുള്ള വിമാനത്തിലാണ് നെടുന്പാശേരിയിൽ നിന്നു ഇവരുടെ നാട്ടിലേക്ക് അയച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് ക്വാറി ഉടമയാണ് വഹിക്കുന്നതെന്ന് ജില്ലാ കളക്ടർ അറിയിച്ചിരുന്നു.