ഭാര്യയെയും മകളെയും ആക്രമിച്ച യുവാവ് അറസ്റ്റില്‍
1575209
Sunday, July 13, 2025 3:33 AM IST
പത്തനംതിട്ട: ഭാര്യയെയും മകളെയും ആക്രമിച്ച് പരിക്കേല്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. കോന്നി അരുവാപ്പുലം അണപ്പടി ചെമ്പകത്തുകാലാപ്പടി ചെമ്പിലാക്കല്‍ ആർ. ബിജുമോനാണ് (43) അറസ്റ്റിലായത്. ഇയാളുടെ ഭാര്യ പ്രിയക്കും (38) മൂത്തമകള്‍ ദേവിക(17) യ്ക്കുമാണ് പരിക്കേറ്റത്. യുവാവ് വീട്ടിലെത്തി ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടി വിതറുകയായിരുന്നു.
വെപ്രാളത്തോടെ മുഖം കഴുകാന്‍ തുനിഞ്ഞ പ്രിയയുടെ അരികിലെത്തിയ ഇയാള്‍ കയിലിരുന്ന ചുറ്റിക കൊണ്ട് ഇടതുകണ്ണിനു മുകളില്‍ അടിച്ചു. തടസം പിടിക്കാനെത്തിയ മകളുടെ തലയ്ക്കും പിന്നില്‍ ചുറ്റിക ഉപയോഗിച്ച് അടിച്ചുപരിക്കേല്പിച്ചു.
നിലവിളിച്ചുകൊണ്ട് വീടിനു പുറത്തേക്കോടിയ ഇരുവരെയും മുറ്റത്തുകിടന്ന സൈക്കിള്‍ പമ്പ് കൊണ്ട് തലയ്ക്കും കൈയ്ക്കും അടിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ പ്രിയയും മകളും പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇരുവരും തമ്മില്‍ ഒരു വീട്ടില്‍ താമസിക്കുമ്പോഴും വിരോധത്തിലായിരുന്നു എന്ന് പറയുന്നു. കോടതിയില്‍ ഹാജരാക്കിയ ബിജുമോനെ റിമാൻഡ് ചെയ്തു. എസ്ഐ പി. കെ. പ്രഭയുടെ നേതൃത്വത്തിലാണ് അന്വേഷണം.