കീം പ്രവേശനം അനിശ്ചിതത്വത്തിലാക്കിയത് സർക്കാരെന്ന് സണ്ണി ജോസഫ്
1575220
Sunday, July 13, 2025 4:10 AM IST
പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ ദുര്‍വാശിയും ഗുരുതരവീഴ്ചയുമാണ് കേരള എൻജിനിയറിംഗ് പ്രവേശനം അനിശ്ചിതത്വത്തില്‍ ആക്കിയതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. അതിന്റെ ഫലം അനുഭവിക്കുന്നത് കേരളത്തിലെ വിദ്യാർഥികളും അവരുടെ രക്ഷിതാക്കളുമാണ്.
തകർച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു. കീം പ്രവേശന വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്താനില്ല. പക്ഷേ വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കണം. ഉന്നതവിദ്യാഭ്യസ മന്ത്രി ന്യായീകരണവും ദുരഭിമാനവും ഉപേക്ഷിച്ച് യാഥാർഥ്യം അംഗീകരിക്കാന്‍ തയാറാകണം. നിലപാട് സ്വീകരിക്കുന്നതില്‍ സിപിഐ കുറച്ചുകൂടി ധൈര്യം കാണിക്കണം. വിദ്യാർഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും ഒപ്പമാണ് പ്രതിപക്ഷം.
സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിക്കണം. അവകാശവാദങ്ങള്‍ ഓരോന്നായി പൊളിയുകയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയുടെയും ആരോഗ്യ മേഖലയുടെയും തകര്‍ച്ചയില്‍ നിന്ന് അവകാശവാദങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് ബോധ്യപ്പെട്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.
ശശി തരൂര്‍ കോണ്‍ഗ്രസിന്റെ ഭാഗമാണെന്ന് പറഞ്ഞ സണ്ണി ജോസഫ് ജനാധിപത്യ മതേതര പാര്‍ട്ടിയായ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ എല്ലാവരും സന്നദ്ധരാണെന്നും പറഞ്ഞു. ദേശീയതലത്തിലും സംസ്ഥാനതലത്തിലും പ്രതിപക്ഷത്തുള്ളതിനാല്‍ സംഘടനപരമായ ഉത്തരവാദിത്വവും രാഷ്ട്രീയ ദൗത്യവും വലുതാണ്. അതേറ്റെടുത്ത് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.