ആശിച്ച ഭൂമി ആദിവാസിക്ക് ഉറപ്പാക്കി; പട്ടയവിതരണം 15ന്
1575029
Saturday, July 12, 2025 3:47 AM IST
റാന്നി: ളാഹ മഞ്ഞ തോട്ടിലെ വനമേഖലയിൽ താമസിക്കുന്ന 17 മലമ്പണ്ടാരം വിഭാഗത്തിൽപ്പെട്ട ആദിവാസികൾക്കും ഭൂമി ലഭ്യമാക്കിയതായി പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. 37 പേരിൽ 20 പേർക്ക് നേരത്തെ ഭൂമി അനുവദിച്ചു ലഭിച്ചിരുന്നു.
പമ്പ ത്രിവേണി ചാലക്കയം എന്നിവിടങ്ങളിലെ ഉന്നതികളിൽ വനത്തിനുള്ളിൽ താമസിച്ചു വന്നവർക്കാണ് ഇപ്പോൾ ഭൂമി അനുവദിച്ചിരിക്കുന്നത്. ഇനി ഇവർക്ക് സ്വന്തമായി വീട് നിർമിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
ചാലക്കയം ഉന്നതിയിലെ ഭാസ്കരൻ, അന്നമ്മ, പാർവതി, ഓമന കുഞ്ഞുപിള്ള , കല്യാണി , പൊന്നൻ, തനു, കുഞ്ഞുമോൾ, രാജമ്മ, കുഞ്ഞുപിള്ള , ശകുന്തള , ഭവാനി, കൊച്ചുപെണ്ണ്, വിജില, റെജി, തങ്കമ്മ രാജൻ, മിനി രാജൻ എന്നിവരാണ് ഒരേക്കർ വീതം ഭൂമിയുടെ അവകാശികളായി മാറിയത്.
15ന് പത്തനംതിട്ടയിൽ നടക്കുന്ന ജില്ലാതല പട്ടയമേളയിൽ മന്ത്രി കെ. രാജൻ ഇവരുടെ പട്ടയങ്ങൾ കൈമാറും. ഇതോടെ വനത്തിനുള്ളിൽ ടാർപോളിന്റെ കീഴിൽ യാതൊരു സുരക്ഷയും ഇല്ലാതെ കഴിഞ്ഞ 37 പേർക്കാണ് സ്വന്തമായി വസ്തു ഉറപ്പാക്കാൻ ആയത്. അടച്ചുറപ്പുള്ള വീടാണ് അടുത്ത ലക്ഷ്യം.
നേരത്തെ ഭൂമി ലഭിച്ച 20 പേരുടെ താത്കാലിക വീടുകളിലേക്ക് വൈദ്യുതി എത്തിച്ചു നൽകാൻ കഴിഞ്ഞതും മറ്റൊരു വലിയ നേട്ടമാണ്. പട്ടിക വർഗം, വനം വകുപ്പ്, റവന്യൂ വകുപ്പ്, വൈദ്യുതി വകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് ഇവർക്ക് വൈദ്യുതി എത്തിച്ചത്. ഇവിടെ താമസം ഉറപ്പിച്ച ആദിവാസി കുട്ടികളെ വിദ്യാസമ്പന്നരാക്കുകയാണ് മറ്റൊരു ലക്ഷ്യമെന്ന് എംഎൽഎ പറഞ്ഞു.
ഇതിന്റെ ഭാഗമായി ഇവിടെ നിന്ന് പത്താം ക്ലാസ് വിജയിച്ച മൂന്നു കുട്ടികൾക്ക് തുടർപഠനത്തിനും താമസത്തിനുമുള്ള സൗകര്യം വടശേരിക്കര മോഡൽ റെസിഡൻഷൽ സ്കൂളിൽ ഒരുക്കി നൽകിയിട്ടുണ്ട്. മറ്റു കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉള്ള ബോധവത്കരണ ക്ലാസുകൾ ഉടൻ ഏർപ്പെടുത്തും.