മാന്നാര്‍ ബസ് സ്റ്റാന്‍ഡ് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ എത്തി പരിശോധിച്ചു
1575585
Monday, July 14, 2025 3:40 AM IST
മാന്നാര്‍: കാല്‍നൂറ്റാണ്ടു പിന്നിട്ടിട്ടും റോഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റിയുടെ അംഗീകാരം ലഭിക്കാതിരുന്ന മാന്നാര്‍ ബസ് സ്റ്റാന്‍ഡ് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി പരിശോധിച്ചു. ആലപ്പുഴ ആര്‍ടിഒ ഡി. ജയരാജ്, ജോയിന്റ് ആര്‍ടിഒ പ്രസാദ് എന്നിവരാണ് മാന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി, സെക്രട്ടറി ബോബി ഫ്രാന്‍സിസ്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരോടൊപ്പം സ്റ്റാന്‍ഡിലെത്തി പരിശോധന നടത്തിയത്.
ഉദ്യോഗസ്ഥര്‍ ബസ് സ്റ്റാന്‍ഡില്‍ വരുത്തേണ്ട മാറ്റങ്ങള്‍ നിര്‍ദേശിച്ചു. പ്രവര്‍ത്തനം നിശ്ചലമായിരുന്ന ബസ് സ്റ്റാന്‍ഡിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനുള്ള യോഗം പഞ്ചായത്ത് ഓഫീസില്‍ നടന്നു.
പഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി അധ്യക്ഷയായി. അടിയന്തരമായി ചില പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിനായി പഞ്ചായത്ത് ഫണ്ടില്‍ 10 ലക്ഷം രൂപ വകയിരുത്തിയതായി പ്രസിഡന്റ് യോഗത്തിൽ അറിയിച്ചു. ഈ പ്രവൃത്തികള്‍ കഴിഞ്ഞാലുടന്‍ ബസ് സ്റ്റാന്‍ഡിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന് താത്കാലിക അനുമതി ലഭിക്കുന്നതിന് ശിപാര്‍ശ ചെയ്യണമെന്ന് പ്രസിഡന്റ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
ആര്‍ടിഒ ഡി. ജയരാജ്, ജോയിന്റ് ആര്‍ടിഒ പ്രസാദ്, മാന്നാര്‍ എസ്ഐ പ്രദീപ് ലാല്‍, സെക്രട്ടറി ബോബി ഫ്രാന്‍സിസ്, പിഡബ്ല്യുഡി ചെങ്ങന്നൂര്‍ എഇ എസ്. അഭിലാഷ്, പിഡബ്ല്യുഡി ഓവര്‍സിയര്‍ രാജ്മോഹന്‍, എംഎംബി ശ്യാംകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
2023-ല്‍ ആണ് അംഗീകാരത്തിനായി പഞ്ചായത്തധികൃതര്‍ അപേക്ഷ സമര്‍പ്പിച്ചത്. അന്ന് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ സ്റ്റാന്‍ഡ് പരിശോധിച്ചിരുന്നു. തുടര്‍നടപടികള്‍ ഉണ്ടായില്ല.
സാമൂഹിക പ്രവര്‍ത്തകനായ കുട്ടമ്പേരൂര്‍ സുരഭിയില്‍ പീടിയേക്കല്‍ പി. സുരേഷ് കുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
ഹൈക്കോടതി ഇതിന്റെ വിവരങ്ങള്‍ കളക്ടറോട് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് തുടര്‍ നടപടികള്‍ക്ക് വീണ്ടും ജീവന്‍വച്ചത്.