കീം സമീകരണ വിഷയത്തിലെ കോടതിവിധി ഹയര്‍ സെക്കന്‍ഡറി മേഖലയ്ക്കേറ്റ തിരിച്ചടി: കെഎച്ച്എസ്ടിഎ
1575577
Monday, July 14, 2025 3:35 AM IST
പത്തനംതിട്ട: കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന് പ്രത്യേകിച്ചും ഹയര്‍ സെക്കന്‍ഡറി മേഖലയ്ക്കേറ്റ കനത്ത തിരിച്ചടിയാണ് കീം സമീകരണ വിഷയത്തില്‍ ഹൈക്കോടതിയില്‍നിന്ന് ഗവണ്മെന്റിനു നല്‍കിയിട്ടുള്ള ഉത്തരവെന്ന് കെഎച്ച്എസ്ടിഎ.
വളരെയധികം വിദ്യാര്‍ഥികളുടെ ഉന്നത പഠന സ്വപ്നങ്ങളുടെ ചിറകരിയുകയാണ് വൈകി നടത്തിയ സമീകരണ സൂത്രവാക്യങ്ങള്‍. പ്രോസ്പെക്ടസില്‍ പറഞ്ഞതിനു വിരുദ്ധമായി നടപ്പിലാക്കിയ പരിഷ്കാരങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയില്ലെന്ന കൃത്യമായ ബോധ്യത്തോടെ തന്നെയാണ് വിദ്യാഭ്യാസ വകുപ്പ് ഈ ഒരു സമീപനം സ്വീകരിച്ചത്.
വളരെ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ടിയിരുന്ന ഒരു വിഷയത്തെ തികഞ്ഞ ലാഘവത്തോടെ സമീപിച്ചതിന്റെ ഫലം അനുഭവിക്കുകയാണ് വിദ്യാര്‍ഥി സമൂഹം.
ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി ഏകീകരണ നടപടികളും ഹയര്‍ സെക്കന്‍ഡറി അധ്യാപക സംഘടനകളെ ക്യുഐപിയില്‍ ഉള്‍പ്പെടുത്താതെ ഏകപക്ഷീയമായി തീരുമാനിക്കുന്ന വിദ്യാഭ്യാസ പരിഷ്കാരങ്ങളും ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തിന്റെ മാറ്റ് കുറയ്ക്കുന്നുണ്ടെന്ന സത്യം തിരിച്ചറിയേണ്ടതുണ്ടെന്ന് കെഎച്ച്എസ്ടിഎ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.