പി.ജെ. കുര്യന് ഉന്നമിട്ടത് നിയമസഭാ സ്ഥാനാര്‍ഥി നിര്‍ണയം; കോണ്‍ഗ്രസില്‍ പുതിയ വിവാദങ്ങള്‍ക്കു തുടക്കമായി
1575586
Monday, July 14, 2025 3:40 AM IST
പത്തനംതിട്ട: ജില്ലയിലെ കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാവായ പി.ജെ. കുര്യന് യൂത്ത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ നടത്തിയ ആഹ്വാനം തിരിഞ്ഞുകൊത്തി.
എസ്എഫ്ഐയുടെ സംഘടനാ സംവിധാനത്തെയും സമരത്തെയും പുകഴ്ത്തി കുര്യന് കോണ്‍ഗ്രസ് വേദിയില്‍ നടത്തിയ പ്രസംഗത്തിനു പിന്നില്‍ വരാന്‍പോകുന്ന തെരഞ്ഞെടുപ്പുകളില്‍ ജില്ലയിലെ യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തനിക്ക് പങ്കാളിത്തം ഉറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗംകൂടിയാണെന്ന് ആരോപണം. കുര്യനെതിരേ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ശക്തമായ പ്രതികരണങ്ങളുമായാണ് രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞദിവസം ഡിസിസിയുടെ സമരസംഗമം പരിപാടിയില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലും ഉള്‍പ്പെടെയുള്ളവര്‍ വേദിയിലിരിക്കുമ്പോഴാണ് പി.ജെ. കുര്യന് യൂത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനശൈലിയെ അപലപിച്ചത്.
യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കാണുന്നത് ടിവിയിലാണെന്ന അദ്ദേഹത്തിന്റെ പരാമര്‍ശമാണ് പലരെയും ചൊടിപ്പിച്ചത്. തുടര്‍ന്ന് കുര്യന് നടത്തിയ പരാമര്‍ശങ്ങള്‍ വരാന്‍പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിക്ക് മുഖ്യറോള്‍ കൈവരിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. തിരുവല്ലയില്‍ മത്സരിക്കാന്‍ വരെ അദ്ദേഹം സന്നദ്ധനായേക്കുമെന്ന പ്രചാരണത്തിനിടെയാണ് പുതിയ വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നത്.
- സംസ്ഥാന സര്‍ക്കാരിനെതിരേ ശക്തമായ പ്രചാരണം നടക്കുമ്പോഴും സിപിഎമ്മിന്റെ സംഘടനാസംവിധാനം അടിയുറച്ചതാണ്. ഓരോ മണ്ഡലത്തിലും 25 പ്രവര്‍ത്തകരെയെങ്കിലും സംഘടിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കാര്യമില്ല.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ അഭിപ്രായം മാനിച്ചിരുന്നെങ്കില്‍ ജില്ലയില്‍ മൂന്ന് സീറ്റിലെങ്കിലും വിജയിക്കാമായിരുന്നെന്നും കുര്യന് പറഞ്ഞു. അടൂര്‍പ്രകാശ് അടക്കമുള്ള നേതാക്കള്‍ തന്റെ അഭിപ്രായം അവഗണിച്ചു.
ഇത്തവണയും സ്ഥാനാര്‍ഥികളെ അടിച്ചേല്പിക്കാനാണ് ശ്രമമെങ്കില്‍ വലിയ പരാജയം കാത്തിരിക്കുകയാണെന്നും കുര്യന് മുന്നറിയിപ്പ് നല്കി. വര്‍ഷങ്ങളായി ജില്ലയിലെ കോണ്‍ഗ്രസ് സംഘടനാ സംവിധാനത്തെ നിയന്ത്രിക്കുന്ന കുര്യനെതിരേ മുമ്പും പാര്‍ട്ടിയില്‍ പടയൊരുക്കം ഉണ്ടായിട്ടുണ്ട്.
ഡിസിസി മുന്‍ പ്രസിഡന്റുമാരായ പീലിപ്പോസ് തോമസ്, ബാബു ജോര്‍ജ്, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഡോ. സജി ചാക്കോ എന്നിവര്‍ സിപിഎമ്മിലേക്കു പോയതുതന്നെ പി.ജെ. കുര്യന് ജില്ലയില്‍ കോണ്‍ഗ്രസിനെ ഹൈജാക്ക് ചെയ്തുവെന്ന് ആരോപിച്ചാണ്.