മാരാമണ്ണിൽ ഫ്രൂട്ട് ഫെസ്റ്റിനു തുടക്കമായി
1575036
Saturday, July 12, 2025 3:52 AM IST
മാരാമൺ: പഴവര്‍ഗ പ്രദര്‍ശനവും വിപണനവുമായി തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിന്റെ സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റിനു തുടക്കമായി. മാരാമണ്‍ നെടുമ്പ്രയാര്‍ സെന്റ് ജോസഫ് കാത്തലിക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്. കൃഷ്ണകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിസിലി തോമസ് അധ്യക്ഷത വഹിച്ചു.
ടൂറിസം മാപ്പ് പ്രകാശനം ജില്ലാ പഞ്ചായത്തംഗം സാറാ പി. തോമസ് നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എല്‍സി ക്രിസ്റ്റഫര്‍ ആദ്യവില്പന നടത്തി. സമൃദ്ധി ഫ്രൂട്ട് ഗ്രാമം പദ്ധതിയുടെ ഭാഗമായി കൃഷി, വ്യവസായം, ടൂറിസം വകുപ്പുകളുടെ സഹകരണത്തോടെ സമൃദ്ധി കര്‍ഷകസംഘമാണ് ഫെസ്റ്റ് നടത്തുന്നത്. ഇന്നു സമാപിക്കും.
രാവിലെ 9.30 മുതല്‍ രാത്രി ഏഴുവരെയാണ് പ്രദര്‍ശനം. വിവിധ തരം പഴങ്ങൾ, ഫ്രൂട്ട് ജൂസുകള്‍, പഴങ്ങളില്‍ നിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങൾ, ഫലവൃക്ഷത്തൈകൾ, ആധുനിക കാര്‍ഷിക ഉപകരണങ്ങൾ, നവീന ജലസേചനവിദ്യകള്‍, ഫാം ടൂറിസത്തിന്റെ സാധ്യതകള്‍ എന്നിവയെല്ലാം ഫെസ്റ്റിലൂടെ അറിയാം.
ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ലത ചന്ദ്രൻ, ജെസി മാത്യു, അംഗങ്ങളായ രശ്മി ആർ. നായര്‍, ടി.കെ. രാമചന്ദ്രന് നായർ, റെന്സിന് കെ. രാജൻ, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എൻ. അനില്‍ കുമാര്‍, ജില്ലാ ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. ഐ. സുബൈര്‍കുട്ടി, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഷേര്‍ളി സഖറിയാസ്, കൃഷി ഓഫീസര്‍ ലത മേരി തോമസ്,
തിരുവല്ല താലൂക്ക് എഡിഐഒ സ്വപ്ന ദാസ്, പഞ്ചായത്ത് സെക്രട്ടറി വി. സുമേഷ് കുമാർ, സമൃദ്ധി കര്‍ഷക സംഘം പ്രസിഡന്റ് സി. പി. ഗോപകുമാർ, ത്രിതലപഞ്ചായത്തംഗങ്ങള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
വിദേശ ഫലങ്ങളുടെ വിളനിലം
മാരാമൺ: തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വിദേശഫലങ്ങളുടെ സ്വദേശമാകാന് ഒരുങ്ങി സമൃദ്ധി കര്‍ഷകസംഘം. വിദേശ ഫലം കൃഷി ചെയ്ത് പ്രാദേശിക സമ്പദ് വ്യവസ്ഥയെ കാര്‍ഷിക മേഖലയിലൂടെ ശക്തിപ്പെടുത്തുന്നതാണ് ഫ്രൂട്ട് ഗ്രാമം പദ്ധതി. ഗ്രാമപഞ്ചായത്ത്, കൃഷി, വ്യവസായം, ടൂറിസം വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുക, പുതിയ തൊഴിലവസരം സൃഷ്ടിക്കുക എന്നിവയും ലക്ഷ്യമിടുന്നു. കാലാവസ്ഥയ്ക്കനുസൃതമായി മാംഗോസ്റ്റീന്‍, അവക്കാഡോ, ഡൂറിയാന്‍, റമ്പൂട്ടാന്‍ തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്.
വിദേശ ഫലങ്ങളുടെ ആവശ്യാനുസരണം ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിച്ചു സ്വയം പര്യാപ്തത നേടുകയാണ് ലക്ഷ്യം. വിവിധ തരം പഴവര്‍ഗങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് പുതിയ വരുമാന മാര്‍ഗമാണ് പദ്ധതിയിലൂടെ പഞ്ചായത്ത് നടപ്പാക്കാനൊരുങ്ങുന്നത്.
തരിശുഭൂമികള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താനൊപ്പം കൃഷി, വിളവെടുപ്പ്, സംസ്കരണം, വിപണനം തുടങ്ങി നിരവധി തൊഴിലവസരങ്ങളും പ്രാദേശികമായി ലഭിക്കും. പഴങ്ങളില്‍നിന്ന് ജാം, സ്ക്വാഷ്, അച്ചാര്‍ തുടങ്ങിയ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനായി റീട്ടെയില്‍ ഷോപ്പും ആരംഭിക്കും.
വിപണന സാധ്യത വര്‍ധിപ്പിക്കാനും ഉപഭോക്താക്കള്‍ക്ക് വേഗത്തില്‍ ഉത്പന്നങ്ങള്‍ ലഭ്യമാകുന്നതിനും കഴിയും. ഫാം ടൂറിസം, കാര്‍ഷിക പ്രദര്‍ശനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ടൂറിസത്തിനുള്ള സാധ്യതയും പദ്ധതി തുറക്കുന്നു. ഉയര്‍ന്ന ഗുണമേന്മയുള്ള വിദേശ ഫലസസ്യങ്ങളുടെ തൈകള്‍ ഉത്പാദിപ്പിക്കുന്നതിനും വിപണനം നടത്തുന്നതിനും ഫ്രൂട്ട് നഴ്സറിയും അനുബന്ധമായി സ്ഥാപിക്കും.
പദ്ധതിയിലൂടെ തോട്ടപ്പുഴശേരിയെ പ്രധാന പഴവര്‍ഗ ഉത്പാദന കേന്ദ്രമാക്കി മാറ്റി സാമ്പത്തികമായി സ്വയം പര്യാപ്തമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്. കൃഷ്ണകുമാര്‍ പറഞ്ഞു.