ആറന്മുളയിൽ ഇനി വള്ളസദ്യക്കാലം
1575214
Sunday, July 13, 2025 4:09 AM IST
ആറന്മുള: ആറന്മുളയിൽ വഴിപാട് വള്ളസദ്യകൾക്ക് ഇന്നു തുടക്കമാകും. ആറന്മുള പാർഥസാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ട് പള്ളിയോട സേവാസംഘം നടത്തുന്ന വള്ളസദ്യ ചടങ്ങുകൾ ഒക്ടോബർ രണ്ടുവരെ നീളും. പന്പയുടെ ഇരുകരകളിലുമായുള്ള 52 പള്ളിയോടങ്ങൾക്ക് വിവിധ ദിവസങ്ങളിലായി ഭക്തർ വഴിപാട് വള്ളസദ്യ ഒരുക്കും. തിരുവോണത്തോണിക്ക് അകന്പടി സേവിക്കുന്ന പള്ളിയോടങ്ങളിൽ എത്തുന്ന കരക്കാർക്ക് ഭക്തർ വഴിപാടെന്ന നിലയിലാണ് ഓരോദിവസവും സദ്യ നൽകുന്നത്.
ആറന്മുളയുടെ തനത് വിഭവങ്ങൾ ചേർത്തുള്ള സദ്യയിൽ പങ്കാളികളാകാനായി ഇനിയുള്ള ദിവസങ്ങളിൽ വൻ തിരക്കാണ് ഉണ്ടാകുന്നത്. വള്ളസദ്യ വഴിപാടുകൾക്ക് തുടക്കം കുറിച്ചുകൊണ്ട് വിശിഷ്ടാതിഥികളെ ഇന്നു രാവിലെ 11ന് ക്ഷേത്ര തിരുമുറ്റത്തേക്ക് സ്വീകരിച്ച് ആനയിക്കും.
11.15ന് ക്ഷേത്ര ആനക്കൊട്ടിലിൽ മന്ത്രി കെ. ബി. ഗണേഷ് കുമാർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. അവിട്ടം തിരുനാൾ ആദിത്യ വർമ, വീണാ ജോർജ്, ആന്റോ ആന്റണി എംപി, പ്രമോദ് നാരായണൻ എംഎൽഎ എന്നിവർ ഇലയിൽ വിഭവങ്ങൾ വിളമ്പും. തുടർന്ന് പള്ളിയോട സേവാസംഘം നിർമിച്ച വിസ്മയ ദർശനം ഡോക്കുമെന്ററി ക്ഷേത്രമുറ്റത്തെ വഞ്ചിപ്പാട്ട് സോപാനം പന്തലിൽ പ്രമോദ് നാരായണൻ എംഎൽഎ പ്രകാശനം ചെയ്യും.
ക്ഷേത്രത്തിലെ ഉച്ചപൂജയ്ക്കു ശേഷം വഴിപാട് വള്ളസദ്യകൾ ഊട്ടുപുരകളിൽ ആരംഭിക്കും. ആദ്യം ക്ഷേത്രക്കടവിൽ എത്തുന്ന പള്ളിയോടത്തെ പള്ളിയോട സേവാസംഘം ഭാരവാഹികൾ വെറ്റില, പുകയില നൽകി സ്വീകരിക്കും. 11. 30ന് പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ പഞ്ചപാണ്ഡവ ക്ഷേത്രദർശന യാത്രയുടെ ഭാഗമായി നടത്തുന്ന വള്ളസദ്യ മന്ത്രി കെ. ബി. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യും.
രാവിലെ 10.30 ന് പഞ്ചപാണ്ഡവ ക്ഷേത്രദർശന സംഘം എത്തുന്ന കെഎസ്ആർടിസി ബസിനെയും സ്റ്റാഫിനെയും പ്രസിഡന്റ് കെ. വി. സാംബദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദദവൻ എന്നിവർ ചേർന്നു സ്വീകരിക്കും.
ഓതറ, ളാക -ഇടയാറൻ മുള, കോടിയാട്ടുകര, തെക്കേമുറി, പൂവത്തൂർ പടിഞ്ഞാറ്, കോഴഞ്ചേരി, വെൺപാല എന്നീ ഏഴു പള്ളിയോടങ്ങളാണ് ഇന്നു വള്ളസദ്യയിൽ പങ്കെടുക്കുന്നത്. 52 കരനാഥന്മാർ, പള്ളിയോടപ്രതിനിധികൾ, ദേവസ്വം ഭാരവാഹികൾ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കൾ, ക്ഷണിക്കപ്പെട്ട അതിഥികൾ തുടങ്ങിയവർ പങ്കെടുക്കും.
ആചാരപ്പെരുമയിൽ
ആറന്മുളയിലെ വള്ളസദ്യ വഴിപാട് ആചാരപ്പെരുമയിൽ പ്രസിദ്ധമാണ്. വഴിപാട് നടത്തുന്ന ഭക്തൻ ആ ദിവസം രാവിലെ ക്ഷേത്രത്തിലെത്തി കൊടിമരച്ചുവട്ടിൽ നിറപറ സമർപ്പിക്കുന്നതോടെയാണ് ചടങ്ങുകൾതുടങ്ങുന്നത്.
ക്ഷേത്ര ശ്രീകോവിലിൽ നിന്നും പൂജിച്ചു വാങ്ങിയ പൂമാല ഏതു പള്ളിയോടത്തിനാണോ വഴിപാട് സമർപ്പിക്കുന്നത് ആ കരയിൽ എത്തി പള്ളിയോടത്തിൽ ചാർത്തി ആറന്മുളയിലേക്കു യാത്രയാക്കണം. വഞ്ചിപ്പാട്ടുകൾ പാടി ക്ഷേത്രത്തിലെത്തുന്ന പള്ളിയോടത്തെ അഷ്ടമംഗല്യം, താലപ്പൊലി, മുത്തുക്കുട, വാദ്യമേളം എന്നിവയോടെ വായ്ക്കുരവയിട്ട് കരനാഥൻമാർക്ക് വെറ്റില, പുകയില നൽകി സ്വീകരിക്കും.
തുടർന്ന് പള്ളിയോടങ്ങളിലെത്തുന്നവർ വഞ്ചിപ്പാട്ടോടെ കൊടിമരച്ചുവട്ടിൽ പറയിട്ട സ്ഥലത്ത് എത്തും. തുടർന്ന് മുത്തുക്കുടയും തുഴയും ദേവനു നടയ്ക്കു മുന്നിൽവയ്ക്കും. ക്ഷേത്രത്തിനു വലംവയ്ക്കുന്ന സംഘം വഴിപാട് തയാറാക്കിയ പന്തലിലേക്ക് എത്തും. അവിടെ ഭദ്രദീപം തെളിച്ച് ഭക്തിയോടെ വിഭവങ്ങൾ വിളന്പും.
സദ്യയ്ക്കായി പുറപ്പെടുന്പോഴും പ്രത്യേക പാട്ടുകൾ ക്രമീകരിച്ചിട്ടുണ്ട്. ക്ഷേത്ര കൊടിമരച്ചുവട്ടിലെ ആചാരങ്ങൾ പൂർത്തിയാക്കിയാണ് സദ്യയിൽ പങ്കെടുക്കാനായി കരക്കാർ നീങ്ങുന്നത്. തുടർന്ന് വള്ളസദ്യയിൽ മാത്രം വിളന്പുന്ന വിഭവങ്ങൾ കരനാഥൻമാർ ശ്ലോകങ്ങൾ ചൊല്ലിയും പാട്ടുപാടിയും ആവശ്യപ്പെടും. വഴിപാടുകാർ ഇത് കരനാഥൻമാർക്ക് നൽകും. ചോദിക്കുന്ന വിഭവങ്ങളെല്ലാം ഇല്ലെന്നു പറയാതെ വിളന്പണമെന്നാണ് ചടങ്ങ്.
63 ഇനം കറികൾ
ആറന്മുള വള്ളസദ്യയ്ക്കായി തയാറാക്കേണ്ടത് 63 ഇനം വിഭവങ്ങളാണ് ഇവയിലേറെയും കറിക്കൂട്ടുകളാണ്. വിഭവസമൃദ്ധമായ സദ്യ വിളന്പുന്നതിനും ഉണ്ണുന്നതിനും ക്രമവും ചിട്ടകളുമുണ്ട്.
സദ്യയുണ്ട്, കൊടിമരച്ചുവട്ടിൽ എത്തുന്ന കരനാഥൻമാർ കൊടിമരച്ചുവട്ടിലെ പറ തെളിച്ച് വഴിപാടുകാർക്ക് ആയുരാരോഗ്യ സൗഖ്യത്തിനും സന്പൽ സമൃദ്ധിക്കുമായി പ്രാർഥിച്ച് ദക്ഷിണ വാങ്ങി പള്ളിയോടത്തിലേക്കു മടങ്ങും.
മടങ്ങുന്ന കരനാഥൻമാർക്കൊപ്പം വഴിപാടുകാർ ചെന്നു പള്ളിയോടത്തിൽ കയറ്റി യാത്രയാക്കുന്നതോടെയാണ് വള്ളസദ്യ വഴിപാട് സമാപിക്കുന്നത്.