വികസന പദ്ധതികൾ ഉദ്ഘാടനം നാളെ
1575219
Sunday, July 13, 2025 4:10 AM IST
അടൂർ: എംഎൽഎ ഫണ്ടിൽ നിന്നും തുക അനുവദിച്ചു നവീകരിച്ച ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസ് ഉദ്ഘാടനം നാളെ വൈകുന്നേരം അഞ്ചിന് മന്ത്രി എം. ബി. രാജേഷ് നിർവഹിക്കുമെന്ന് കെ. യു. ജനീഷ് കുമാർ എംഎൽഎ അറിയിച്ചു.
സ്ഥലപരിമിതിമൂലം വീർപ്പുമുട്ടിയിരുന്ന ഏനാദിമംഗലം പഞ്ചായത്ത് ഓഫീസ് പുതിയ നിർമാണം പൂർത്തികരിച്ചതോടെ സുഗമമായി പ്രവർത്തിക്കും.കോന്നി നിയോജക മണ്ഡലം ആസ്തി വികസന പദ്ധതി 2023-24 പ്രകാരം 65 ലക്ഷം രൂപ ചെലവിൽ 3700 ചതുരശ്ര അടിയിൽ നിർമിച്ച കെട്ടിടത്തിൽ കോൺഫറൻസ് ഹാൾ, സ്റ്റാൻഡിംഗ് കമ്മിറ്റി ഓഫീസ്, പഞ്ചായത്ത് അംഗങ്ങൾക്ക് ഇരിക്കുന്നത്തിനുള്ള മുറികൾ, എൽഎസ്ജിഡി അസിസ്റ്റന്റ് എൻജിനിയർ ഓഫീസ്, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസ്, തൊഴിലുറപ്പ് പദ്ധതി ഓഫീസ്,കുടുംബശ്രീ ഓഫീസ് എന്നിവയാണ് ക്രമീകരിച്ചിരിക്കുന്നത്.
നവീകരിച്ച പഞ്ചായത്ത് ഓഫീസ് ഉദ്ഘാടനത്തിനൊപ്പം ആധുനിക നിലവാരത്തിൽ നിർമിക്കുന്ന മങ്ങാട് - കുന്നിട - ചെളിക്കുഴി റോഡ് , 3.3 5 കോടി രൂപ അനുവദിച്ച് ആധുനികരീതിയിൽ നിർമിക്കുന്ന പുത്തൻചന്ത - തേപ്പുപാറ റോഡ് എന്നിവയുടെ നിർമാണോദ്ഘാടനം മന്ത്രി പി. എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിക്കും.
നിലവിലുള്ള 3.5 വീതിയുള്ള റോഡ് 5.5 മീറ്റർ വീതിയിൽ ബിഎംബിസി സാങ്കേതികവിദ്യയിലാണ് നിർമിക്കുന്നത്. ആവശ്യമായ സ്ഥലങ്ങളിൽ സംരക്ഷണഭിത്തിയും ഓടയും ഐറിഷ് ഓടയും ട്രാഫിക് സേഫ്റ്റി പ്രവൃത്തികളും നിർമാണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇടുക്കി ആസ്ഥാനമായുള്ള കരാർ കമ്പനിയാണ് പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. പൊതുമരാമത്ത് നിരത്ത് വിഭാഗമാണ് നിർവഹണ ഏജൻസി.
ഏനാദിമംഗലം സ്മാർട്ട് വില്ലേജ് ഓഫീസ് നിർമാണോദ്ഘാടനം മന്ത്രി കെ. രാജൻ നിർവഹിക്കും. ഇളമണ്ണൂരിനും മരുതിമൂടിനും മധ്യേ കെപി റോഡിനു സമീപമുള്ള 60 സെന്റ് റവന്യൂ ഭൂമിയിലാണ് വില്ലേജ് ഓഫീസ് നിർമിക്കുന്നത്. സംസ്ഥാന നിർമിതി കേന്ദ്രത്തിനാണ് നിർവഹണച്ചുമതല.
സംസ്ഥാന സർക്കാർ ഒരു കോടി രൂപ അനുവദിച്ച് അംബേദ്കർ ഗ്രാമ വികസന പ്രവൃത്തി നടപ്പിലാക്കുന്ന കണ്ണങ്കര - ചെമ്മണ്ണേറ്റം കോളനിയിലെ വികസന പ്രവൃത്തികൾ മന്ത്രി ഒ ആർ. കേളു ഓൺലൈനായി നിർവഹിക്കും. പ്രവൃത്തിയിലൂടെ വീടുകളുടെ അറ്റകുറ്റപ്പണികൾ, ഗ്രാമീണ വഴികളുടെ നിർമ്മാണ പ്രവർത്തികൾ, സംരക്ഷണഭിത്തി നിർമ്മാണം എന്നിവ നടപ്പിലാക്കും.
എംഎൽഎ ഫണ്ടിൽ നിന്നും 15 ലക്ഷം രപ അനുവദിച്ചു നിർമാണം പൂർത്തീകരിച്ച ഏനാദിമംഗലം സിഎച്ച്സി - മാരൂർ റോഡിന്റെ ഉദ്ഘാടനവും 20 ലക്ഷം രൂപ വീതം അനുവദിച്ച് നിർമിക്കുന്ന ഗ്രാമീണ റോഡ് പ്രവൃത്തികളായ വേടമല- കുന്നിട റോഡ്, തോട്ടപ്പാലം- കണ്ണങ്കര റോഡ് എന്നിവയുടെ നിർമാണോദ്ഘാടനവും മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും.
നാളെ വൈകുന്നേരം അഞ്ചിന് ഇളമണ്ണൂർ ചാങ്കൂർ അമ്പലം ജംഗ്ഷനിൽ നടക്കുന്ന ചടങ്ങിൽ അഡ്വ. കെ. യു. ജനീഷ് കുമാർ എംഎൽഎ അധ്യക്ഷത വഹിക്കും. മന്ത്രി എം. ബി. രാജേഷ് പൊതുയോഗം ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം, ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാം വാഴോട് തുടങ്ങിയവർ പ്രസംഗിക്കം. ആറു മുതൽ സുപ്രസിദ്ധ ഗായിക പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടാകും.