ഭീതി പരത്തി കാട്ടുപന്നി... സീതത്തോട് പള്ളി ഓഡിറ്റോറിയത്തിൽ ഓടിക്കയറിയ പന്നിയെ വെടിവച്ചുകൊന്നു
1301715
Sunday, June 11, 2023 2:56 AM IST
സീതത്തോട്: സീതത്തോട് മലങ്കര കത്തോലിക്ക പള്ളി ഓഡിറ്റോറിയത്തിൽ കുടുങ്ങിയ കാട്ടുപന്നിയെ വെടിവച്ചു കൊന്നു. വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് പന്നി ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറിയത്.
മാർക്കറ്റ് ജംഗ്ഷനിലെത്തിയ കാട്ടുപന്നി വേഗത്തിൽ ഓഡിറ്റോറിയത്തിന്റെ ചെറിയ വാതിലിലൂടെ ഓടിക്കയറുകയായിരുന്നു. അകത്തു കയറി ബഹളം കൂട്ടിയ പന്നിയെ പിന്തുടർന്നെത്തിയ നാട്ടുകാർ ഓഡിറ്റോറിയത്തിന്റെ ഷട്ടർ താഴ്ത്തിയ ശേഷം വനംവകുപ്പിനെ വിവരം അറിയിച്ചു.
ഗൂഡ്രിക്കൽ റേഞ്ചിലെ കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിൽനിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയപ്പോൾ പന്നി ഓഡിറ്റോറിയത്തിൽ ഓടി നടക്കുകയായിരുന്നു.
ഓഡിറ്റോറിയത്തിനുള്ളിൽ വച്ചുതന്നെ പന്നിയെ കൊല്ലണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടതോടെ സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. പ്രമോദ് കാട്ടുപന്നിയെ വെടിവയ്ക്കാൻ ഉത്തരവിടുകയായിരുന്നു. എം പാനൽ ലിസ്റ്റിലുള്ള ഷൂട്ടർ റാന്നി സ്വദേശി അബി ടി. മാത്യുവിനെ എത്തിച്ച് രാത്രി 11നാണ് പന്നിയെ വെടിവച്ചത്. പഞ്ചായത്തിന്റെ ശ്മശാനത്തിൽ പന്നിയുടെ ജഡം മറവു ചെയ്തു.
സീതത്തോട് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയോടു ചേർന്നാണ് ഓഡിറ്റോറിയം സ്ഥിതി ചെയ്യുന്നത്. കാട്ടുപന്നി ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറുമ്പോൾ പള്ളി വികാരി ഫാ. ഗീവർഗീസ് പാലമ്മൂട്ടിൽ മുകളിലത്തെ മുറിയിലുണ്ടായിരുന്നു.
ഓഡിറ്റോറിയത്തിന് മുകളിലത്തെ വൈദിക മന്ദിരത്തിലാണ് അദ്ദേഹം താമസിക്കുന്നത്. അകത്തുനിന്നു തന്നെ സ്റ്റെയർ കയറിയെത്തുന്നത് ഫാ. ഗീവർഗീസിന്റെ മുറിയിലേക്കാണ്. സ്റ്റെയറിനു സമീപത്തെ ഗ്രില്ല് അടച്ചതിനാൽ കാട്ടുപന്നിക്ക് മുകളിലേക്ക് കയറാൻ കഴിയുമായിരുന്നില്ല.
പന്നി കയറിയപ്പോൾ തന്നെ നാട്ടുകാർ വികാരിയെ വിവരമറിയിച്ചിരുന്നതിനാൽ അദ്ദേഹം മുറി തുറന്നിരുന്നില്ല. വികാരിയോടൊപ്പം സഹായിയും ഉണ്ടായിരുന്നു. പന്നി ഗ്രില്ലിനിട്ട് ഇടിച്ചു തുറക്കാൻ ശ്രമം നടത്തിയിരുന്നു.
സീതത്തോട്ടിൽ കാട്ടുപന്നി ശല്യം പതിവാണെങ്കിലും മാർക്കറ്റ് ജംഗ്ഷൻ ഭാഗത്ത് സന്ധ്യയോടെ എത്തുന്നത് അപൂർവമാണെന്ന് നാട്ടുകാർ പറയുന്നു.
200 കിലോയോളം തൂക്കം വരും
രണ്ടു വർഷത്തിനിടെ താൻ വെടിവച്ചിട്ട ഏറ്റവും തൂക്കമുള്ള പന്നിയാണിതെന്ന് ഷൂട്ടർ അബി പറഞ്ഞു.വനംവകുപ്പിനൊപ്പം പഞ്ചായത്തുകളിൽ കാട്ടുപന്നികളെ ഷൂട്ട് ചെയ്യാൻ അബിക്ക് അനുമതിയുണ്ട്. രണ്ട് വെടിവച്ചതിനു ശേഷമാണ് പന്നി വീഴുന്നത്.
ആദ്യത്തെ വെടിവയ്ക്കാൻ ഉന്നം പിടിച്ചപ്പോൾ തന്നെ പന്നി ഓഡിറ്റോറിയത്തിനുള്ളിൽ ഓട്ടം തുടങ്ങി. ആദ്യത്തെ വെടി കൊണ്ടത് കാലിലാണ്. അതോടെ ഓട്ടം നിർത്തി. പിന്നീടാണ് തലയ്ക്ക് വെടിവച്ച് വീഴ്ത്തുന്നത്. ഇരുന്നൂറ് കിലോയോളം തൂക്കം വരുന്ന കാട്ടുപന്നിയായിരുന്നു.