തിരുമുക്ക് അടിപ്പാത സമരം: റീത്ത് വച്ച് പ്രതിഷേധിച്ചു
1602202
Thursday, October 23, 2025 6:29 AM IST
ചാത്തന്നൂർ: തിരുമുക്ക് അടിപ്പാത സമരത്തോട് ദേശീയപാതഅധികൃതർ പ്രതികരിക്കാത്തതിൽ പ്രതിഷേധിച്ച് സമരസമിതി റീത്ത് വച്ചു. തിരുമുക്കിൽവലിയ വാഹനങ്ങൾക്ക് കടന്നുപോകുവാൻ കഴിയുന്ന തരത്തിൽ അടിപ്പാത ശാസ്ത്രീയമായി പുതുക്കിപ്പണിയണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് തിരുമുക്ക് അടിപ്പാത സമരസമിതി നേതൃത്വത്തിൽസമരം നടത്തിവരുന്നത്.
സമരത്തിന്റെ മുപ്പത്തി അഞ്ചാം ദിവസംവ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി എന്നീ സംഘടനകളുടെപ്രവർത്തകർ സത്യഗ്രഹ സമരത്തിൽ പങ്കാളിയായി. പ്രതിഷേധ ജ്വാല തെളിയിച്ച് കൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ചാത്തന്നൂർ യൂണിറ്റ് പ്രസിഡന്റ് എം. ശശിധരൻസത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്തു.
ചാത്തന്നൂർ വികസന സമിതി എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം എൻ.അനിൽകുമാർ അധ്യക്ഷത വഹിച്ചു.വ്യാപാരി വ്യവസായി ഏകോപന സമിതി ,വ്യാപാരി വ്യവസായി സമിതി സംഘടനാ പ്രവർത്തകർ തിരുമുക്കിലെ അശാസ്ത്രീയ അടിപ്പാത പുതുക്കിപ്പണിയാൻ ദേശീയപാത അഥോറിറ്റി നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് നിലവിലുള്ള അടിപ്പാതയിൽ റീത്ത് സമർപ്പിച്ചു .ചാത്തന്നൂർ ഏരിയാ പ്രസിഡന്റ് ജയചന്ദ്രൻ ചാനൽവ്യൂ , ഹരി അമ്മൂസ് , എസ്.ബിനു, ചാത്തന്നൂർ വികസന സമിതി ചെയർമാൻ ജി.രാജശേഖരൻ തുടങ്ങിയവർ പ്രസംഗിച്ചു.
അടിപ്പാത സമരത്തിന്റെ മുപ്പത്തി ആറാം ദിവസമായ ഇന്ന് വൈകുന്നേരം അഞ്ചുമുതൽകേരള പ്രവാസി സംഘം ചാത്തന്നൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സായാഹ്ന സത്യഗ്രഹസമരം നടക്കുന്നത്. സമരവേദിയിൽ തയാറാക്കിയ പ്രതിഷേധ ജ്വാല കത്തിച്ച് ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ. ദസ്തകീർ സമരം ഉദ്ഘാടനം ചെയ്യും.