അമിതമായി അയൺ ഗുളികകൾ കഴിച്ച ആറു വിദ്യാർഥികൾ ചികിത്സയിൽ
1601808
Wednesday, October 22, 2025 6:24 AM IST
കൊല്ലം: അമിതമായി അയൺ ഗുളികകൾ കഴിച്ച സ്കൂൾ വിദ്യാർഥികളെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാസ്താംകോട്ട മൈനാഗപ്പള്ളി മിലാദെ ഷെരീഫ് ബോയ്സ് ഹൈസ്കൂളിലെ കുട്ടികൾക്കാണ് ദേഹാസ്വസ്ഥ്യമുണ്ടായത്.
ഒരാഴ്ച മുമ്പ് ആരോഗ്യ വകുപ്പ് അധികൃതർ സ്കൂളിൽ എത്തിച്ച അയൺ ഗുളികകൾ ഇന്നലെ നോഡൽ ഓഫീസറായ അധ്യാപകൻ ക്ലാസിൽ എത്തി വിതരണം ചെയ്യുകയായിരുന്നു. കഴിക്കേണ്ട രീതികളെ കുറിച്ചു വ്യക്തമായ നിർദേശം നൽകിയിരുന്നെങ്കിലും ഒരു സംഘം കുട്ടികൾ മത്സരിച്ചു ഗുളിക കഴിക്കുകയായിരുന്നുവെന്നു പറയപ്പെടുന്നു.
ഗുളികയ്ക്കു മധുരം ഉള്ള തിനാലാണ് ഇവർ മത്സരിച്ച് കഴിച്ചത്. തുടർന്നു ഛർദി അനുഭവപ്പെട്ട് കുട്ടികൾ കുഴഞ്ഞു വീണതിനെ തുടർന്ന് ഉടൻ തന്നെ അധ്യാപകർ ഇവരെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് രണ്ട് പേരെ കൊല്ലം ജില്ലാ ആശുപത്രിയിലേക്കും നാലുപേരെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.സംഭവം അറിഞ്ഞ് രക്ഷകർത്താക്കളും നാട്ടുകാരും സ്കൂളിൽ തടിച്ചു കൂടിയതു സംഘർഷാവസ്ഥയ്ക്ക് കാരണമായി.
ഗുളിക വിതരണം ചെയ്യുന്ന വിവരം സ്കൂൾ അധികൃതർ അറിയിച്ചിട്ടില്ലെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചു എന്നും ആരോപിച്ചും രക്ഷകർത്താക്കളുടെ പ്രതിഷേധം ഉണ്ടായി.വിവരം അറിഞ്ഞ് സ്ഥലത്ത് പോലീസും എത്തി.
തുടർന്ന് മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് വർഗീസ് തരകൻ , ബ്ലോക്ക് പഞ്ചായത്ത് അംഗം തുണ്ടിൽ നൗഷാദ്, ഗ്രാമ പഞ്ചായത്ത് അംഗം ഐ. ഷാനവാസ് തുടങ്ങിയവർ പ്രതിഷേധക്കാരുമായും സ്കൂൾ അധികൃതർ, ആരോഗ്യ വകുപ്പ് അധികൃതർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവരുമായി നടത്തിയ ചർച്ചയിൽ സംഭവത്തിൽ ഉണ്ടായ വീഴ്ചയെ കുറിച്ച് അന്വഷിക്കാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.