സിപിഐയിലെ കൂട്ടരാജി; എൽഡിഎഫ് ആശങ്കയിൽ
1602190
Thursday, October 23, 2025 6:19 AM IST
അജി വള്ളിക്കീഴ്
കൊല്ലം: ജില്ലയിൽ സിപിഐയിൽ വിഭാഗീയതയെ തുടർന്നുണ്ടായ കൂട്ടരാജികൾ കൊല്ലത്തെ എൽഡിഎഫ് കോട്ടകളിൽ വിള്ളൽ വീഴ്ത്തും. സിപിഐയുടെ ജില്ലയിലെ ശക്തി കേന്ദ്രമായ കടയ്ക്കലിൽ നിന്ന് പാർട്ടി വിട്ട 80 പേർ ഒഴികെ 620 ഓളം പേർ കോൺഗ്രസിലേക്ക് ചേക്കേറുമെന്നാണ് ഒടുവിലുള്ള വിവരം. '
പാർട്ടിയിൽ നിന്ന് പോകുന്ന സഖാക്കളെ കണ്ടില്ലെന്ന് നടിക്കുന്നത് ധിക്കാരം' ആണെന്നാണ് കൊല്ലത്തെ സിപിഐയിലെ കൂട്ട രാജികളെ തുടർന്ന് മുതിർന്ന സിപിഐ നേതാവ് കൊല്ലം മധു പ്രതികരിച്ചത്. നേതൃത്വത്തിനെതിരെ രംഗത്ത് വന്ന കൊല്ലം മധു കടയ്ക്കൽ വിഷയം പരിഹരിക്കാൻ ജില്ലാ നേതൃത്വം പരാജയപ്പെട്ടെന്ന് പറഞ്ഞു. നിലവിലുള്ള സാഹചര്യത്തിൽ കൂടുതൽ ബ്രാഞ്ച് കമ്മിറ്റികളിൽ രാജി ഉണ്ടാകുമെന്ന സൂചനകളാണ് ജില്ലയിലെ തന്നെ ചില സിപിഐ നേതാക്കൾ നൽകുന്നത്.
കുണ്ടറ, കടയ്ക്കൽ, കുന്നത്തൂർ എന്നിവിടങ്ങളിലാണ് സിപിഐ പ്രവർത്തകർ കൂട്ടത്തോടെ പാർട്ടി വിട്ടിരിക്കുന്നത്. കടയ്ക്കൽ മണ്ഡലത്തിൽ 700ഓളം പ്രവർത്തകരും കുണ്ടറയിൽ 200 ഓളം പ്രവർത്തകരും കുന്നിക്കോട് 150 ലേറെ പ്രവർത്തകരുമാണ് ഇതിനകം പാർട്ടി വിട്ടത്. പ്രവർത്തകർ പാർട്ടിവിട്ടതിൽ ഏറ്റവും കൂടുതൽ സി പി ഐ ക്ക് ക്ഷീണം ഉണ്ടാക്കിയിരിക്കുന്നത് മന്ത്രി ചിഞ്ചുറാണി പ്രതിനിധീകരിക്കുന്ന ചടയമംഗലം നിയമ സഭാമണ്ഡലത്തിലാണ്.
പുന്നപ്ര വയലാർ സമരം കഴിഞ്ഞാൽ അന്നും ഇന്നും കമ്യുണിസ്റ്റ് പാർട്ടികൾ ഏറെ അഭിമാനത്തോടെ പറയുന്ന കടയ്ക്കൽ വിപ്ലവ സമര നായകന്മാരുടെ മണ്ണിൽ സി പി ഐയുടെ കാൽക്കീഴിൽ നിന്ന് ഒഴുകി പ്പോയിരിക്കുന്നത് നാലോളം സമരപ്പോരാളികളുടെ പിന്മുറക്കാരായ സഖാക്കൾ കൂടിയാണ്.
മണ്ഡലം സെക്രട്ടറി അനിലിനെ മാറ്റി സാം കെ. ഡാനിയേലിനെ കൊണ്ടുവരാനായി ജില്ലാ സിപി ഐ നേതൃത്വം കാട്ടിയ പിടിവാശിയാണ് പാർട്ടിയെ കടയ്ക്കലിൽ കൂപ്പു കുത്തിച്ചിരിക്കുന്നത്. സിപിഐ ദേശീയ കമ്മിറ്റി അംഗമായ പ്രകാശ് ബാബു സംസ്ഥാന സെക്രട്ടറി സ്ഥാനത്തെത്താതിരിക്കാൻ പാലം വലിച്ചവർ തന്നെയാണ് അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ചടയമംഗലം സ്ഥാനാർഥിയാവാമെന്നു പ്രതീക്ഷ വെച്ചിരുന്ന മണ്ഡലം സെക്രട്ടറി അനിലിന്റെ പേരെഴുതിയ ചീട്ടും കീറുന്നത്.
സിപി ഐയിൽ നിന്ന് കൊല്ലത്ത് രാജി വെച്ചവരും ഒതുക്കപ്പെട്ടവരും തൂത്തെറിയപ്പെട്ടവരുമൊക്കെ കാനം അനുകൂലികളാണെന്നതാണ് എടുത്ത് പറയേണ്ടത്. കടയ്ക്കലിലെ മുതിർന്ന നേതാവ് ജെ.സി. അനിൽ അടക്കം രാജിവെച്ചരെല്ലാം തന്നെ മുൻ സംസ്ഥാന സെക്രട്ടറി കാനത്തോടൊപ്പം നിലകൊണ്ടവരാണ്.
ചടയമംഗലം നിയോജക മണ്ഡലത്തിൽ കടയ്ക്കൽ, ഇട്ടിവ, കുമ്മിൾ, ചിതറ പഞ്ചായത്തുകളിലെ പാർട്ടി വിട്ട നൂറുകണക്കിന് കുടുംബാംഗങ്ങൾ പതിറ്റാണ്ടുകളായി സി പി ഐയിൽ വിശ്വാസം അർപ്പിച്ചു പ്രവർത്തിച്ചു വന്നിരുന്നവരാണ്.
ചടയമംഗലം നിയോജക മണ്ഡലത്തിലെ സീറ്റ് ലക്ഷ്യമിട്ട് ജില്ല നേതൃത്വത്തിലെ സാം കെ. ഡാനിയേലിനെ നേതൃ നിരയിലേക്ക് കൊണ്ട് വരാനുള്ള പാർട്ടി ജില്ലാ നേതൃത്വത്തിന്റെ ശ്രമമാണ് ഇതോടെ ആസ്ഥാനത്തായത്.
കുണ്ടറയിലും കുന്നിക്കോടും ജില്ലാ നേതൃത്വത്തിലെ ചില നേതാക്കൾ ആധിപത്യം ഉറപ്പിക്കാനും കാനത്തോടൊപ്പം നിന്നവരെ തൂത്തെറിയാനും നടത്തിയ ശ്രമങ്ങളാണ് പാർട്ടിയുടെ കോട്ട കൊത്തളങ്ങൾ തകരാൻ ഇടയാക്കിയിരിക്കുന്നത്.
സംസ്ഥാനത്ത് സിപിഐക്ക് ഏറ്റവുമധികം വേരോട്ടമുള്ള കൊല്ലത്ത് പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ തയാറാകാതെ ജില്ലാ നേതൃത്വം ഒഴിഞ്ഞു മാറുന്നു എന്നാണ് പാർട്ടിവിട്ടവർ ഒന്നടങ്കം ആരോപിക്കുന്നത്.
നിലവിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സംസ്ഥാന നേതൃത്വം ഇടപെട്ട് കഴിഞ്ഞദിവസം യോഗം ചേർന്നെങ്കിലും യോഗത്തിൽ നിന്ന് പോലും ജില്ലാ നേതാക്കൾ വിട്ടുനിൽക്കുകയാണ് ഉണ്ടായത്.
തദ്ദേശ - നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുത്ത് വരവേ സി പി ഐ യിൽ ഉണ്ടായിരിക്കുന്ന കൊഴിഞ്ഞു പോക്കിൽ ഏറ്റവും കൂടുതൽ ആശങ്കയിലായിരിക്കുന്നത് സി പി എമ്മാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ കുണ്ടറ, കടയ്ക്കൽ, നിലമേൽ, ചടയമംഗലം, കുന്നിക്കോട് എന്നിവിടങ്ങളിൽ കനത്ത പ്രഹരമുണ്ടാകുമെന്ന ഭയപ്പാടിലാണ് സിപിഎം.