രാജ്യത്ത് റെയിൽവേ വികസനം ദ്രുതഗതിയിൽ: മന്ത്രി ജോർജ് കുര്യൻ
1512434
Sunday, February 9, 2025 5:44 AM IST
പരവൂർ: രാജ്യത്ത് റെയിൽവേ വികസന പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നതായി കേന്ദ്ര റെയിൽവേ സഹമന്ത്രി ജോർജ് കുര്യൻ. പരവൂർ റെയിൽവേ സ്റ്റേഷനിൽ പുതിയതായി സ്റ്റോപ്പ് അനുവദിച്ച കന്യാകുമാരി - പുനലൂർ പാസഞ്ചർ ട്രെയിനിന്റെ ഫ്ലാഗ് ഓഫ് ചടങ്ങുമായി ബന്ധപ്പെട്ട സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സ്റ്റേഷനുകളുടെ നവീകരണ പ്രവർത്തനങ്ങൾ അടക്കമുള്ളവയെല്ലാം സമയ ബന്ധിതമായി പൂർത്തീകരിക്കും. കേരളത്തിൽ 10,000 കോടിയുടെ വികസന പ്രവർത്തന പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. കൊല്ലം റെയിൽവേ സ്റ്റേഷന്റെ വികസന നവീകരണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിലാണ് നടക്കുന്നത്.
384 കോടിയാണ് ഇതിനായി ചെലവഴിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.എൻ.കെ.പ്രേമചന്ദ്രൻ എംപി, ജി.എസ്. ജയലാൽ എംഎൽഎ, റെയിൽവേ ഡിവിഷണൽ മാനേജർ മനീഷ് തപ്യാൽ, പരവൂർ സ്റ്റേഷൻ മാനേജർ ബി. ഗിരി കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ബിജെപി, മറ്റ് രാഷ്ട്രീയ പാർട്ടികളുടെയും യാത്രക്കാരുടെ വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ ട്രെയിനിന് വൻ വരവേൽപ്പ് നൽകി.