ബിഷപ് ജോസഫ് ജി. ഫെർണാണ്ടസ് ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ഇന്ന്
1592052
Tuesday, September 16, 2025 6:36 AM IST
കൊല്ലം: സൗമ്യത കൊണ്ടു വിമർശകരെപ്പോലും സ്വന്തമാക്കാൻ സിദ്ധിയുണ്ടായിരുന്ന ഇടയ ശ്രേഷ്ഠനായിരുന്ന ദിവഗംതനായ ബിഷപ് ജോസഫ് ജി. ഫെർണാണ്ടസിന്റെ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് കൊല്ലംരൂപതയിൽ ഇന്നു തുടക്കം കുറിക്കും.
ഇന്നു മുതൽ 2026 സെപ്റ്റംബർ 16 വരെ ഒരു വർഷം നീണ്ടു നിൽക്കുന്ന ജന്മ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം വൈകുന്നേരം അഞ്ചിനു തങ്കശേരി ഇൻഫന്റ് ജീസസ് കത്തീഡ്രൽ പള്ളിയിൽ കൊല്ലം രൂപത മെത്രാൻ ഡോ. പോൾ അന്റണി മുല്ലശേരി നിർവഹിക്കും. രാവിലെ 6.30ന് ബിഷപ് ഹൗസ് ചാപ്പലിൽ അനുസ്മരണ ദിവ്യബലി. വൈകുന്നേരം നാലിനു ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരിയുടെ മുഖ്യകാർമികത്വത്തിൽ കൃതജ്ഞതാ ദിവ്യബലി.
ഇന്ന് രാവിലെ 6.30നു രൂപതയിലെ പള്ളികളിലും സന്യാസ ഭവനങ്ങളിലും ബിഷപ് ജോസഫ് ജി. ഫെർണാണ്ടസ് അനുസ്മരണ ദിവ്യബലി അർപ്പിക്കും. ജന്മശതാബ്ദി കാലഘട്ടത്തിൽ മാവേലിക്കര, ചവറ സൗത്ത്,നീണ്ടകര, തങ്കശേരി, കാഞ്ഞിരംകോട്, കൊട്ടിയം, തുയ്യം, ഫെറോനകളിൽ സെമിനാറുകൾ, സിമ്പോസിയങ്ങൾ, വിവിധതരത്തിലുള്ള സംഗമങ്ങൾ, പുരസ്കാര ദാനം,എന്നിവ ഉണ്ടാകുമെന്നു രൂപത വികാരി ജനറൽ മോൺ. ബൈജു ജൂലിയാൻ, പ്രൊക്യുറേറ്റർ ഫാ. ജോളി എബ്രഹാം, ബിസിസി ഡയറക്ടർ ഫാ. ജോസ് സെബാസ്റ്റ്യൻ, കെസിവെഎം ഡയക്ടർ. ഫാ. ജോ അലക്സ്, കെഎൽസിഎ ഡയക്ടർ ജോർജ് സെബാസ്റ്റ്യൻ, സാജു കുരിശിങ്കൽ, അഡ്വ.ഇ. എമേഴ്സൺ തുടങ്ങിയവർ അറിയിച്ചു.
1925 സെപ്റ്റംബർ 16ന് കരുന്നാഗപ്പള്ളിയിലെ പണ്ടാരതുരുത്തിൽ ജനിച്ച ബിഷപ് 2023 മാർച്ചിൽ 97-ാം വയസിൽ ഇഹലോക വാസം വെടിഞ്ഞു. പ്രഭാഷകൻ, ക്രൈസ്തവ തത്വജ്ഞാനി, മരിയൻ ദൈവശാസ്ത്ര പണ്ഡിതൻ, മെത്രാൻ, കെസിബിസി വെസ് ചെയർമാൻ, സിബിസിഐ ആരോഗ്യ വിഭാഗം ചെയർമാൻ, ആലുവ പൊന്തിഫിക്കൽ സെമിനാരി എപ്പിസ്കോപ്പൽ കമ്മീഷൻ ചെയർമാൻ, ബൈബിൾ കമ്മിഷൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ച ബിഷപായിരുന്നു ജോസഫ് ജി. ഫെർണാ ണ്ടസ്.