അറസ്റ്റിലായ യുവാവ് പോലീസുകാരെ വിലങ്ങുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ചു
1591825
Monday, September 15, 2025 6:18 AM IST
കുണ്ടറ : വിവാഹത്തിനു വന്ന സ്ത്രീകളെയും കസ്റ്റഡിയിൽ എടുക്കാൻ ചെന്ന പോലീസുകാരെയും ആക്രമിച്ച യുവാവ് അറസ്റ്റിലായതോടെ പോലീസുകാരെ കൈവിലങ്ങു കൊണ്ട് ആക്രമിച്ചു.
കൊല്ലം ചവറ തെക്കും ഭാഗം മുട്ടത്തു തെക്കത്തിൽ സന്തോഷ് (38) ആണ് സംഭവത്തിൽ അറസ്റ്റിലായത്. ഇന്നലെ ഉച്ചയ്ക്ക് കുണ്ടറ ഗുരുദേവ ഓഡിറ്റോറിയത്തിൽ വിവാഹത്തിന് എത്തിയ സ്ത്രീകളെ കടന്നുപിടിച്ച സന്തോഷിനെ അവിടെ കൂടിയവർ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
അസഭ്യവർഷം നടത്തി ആക്രമണ സ്വഭാവം കാണിച്ച പ്രതിയെ മെഡിക്കൽ പരിശോധനക്കായി കൊണ്ട് പോകുമ്പോൾ ജീപ്പിൽ നിന്ന് പലതവണ ചാടാൻ ശ്രമിച്ചു. പരാക്രമം കാണിച്ച പ്രതിയെ വിലങ്ങു വച്ച് ആശുപത്രി പരിസരത്ത് എത്തിക്കുമ്പോൾ, ജീപ്പിൽ നിന്ന് ഇറങ്ങിയ ഉടനെ വിലങ്ങുവച്ച പോലീസുകാരെ അസഭ്യം പറഞ്ഞു ആക്രമിച്ചു.
പോലീസുകാരുടെ കണ്ണിലും നെറ്റിയിലും ഇടിച്ചും നാഭിക്ക് ചവിട്ടിയുമായിരുന്നു പ്രതിയുടെ അക്രമം. ആക്രമണത്തിൽ സിപിഒ മാരായ വിനേഷിനും റിയാസിനുമാണ് പ്രതിയുടെ മർദനം ഏൽക്കേണ്ടി വന്നത്.
വിനേഷിനെ നാഭിക്ക് ചവിട്ടുകയും, റിയാസിന്റെകണ്ണിനു മുകളിലും കവിളത്തും വിലങ്ങു കൊണ്ട് ഇടിക്കുകയുമായിരുന്നു. വൈദ്യ പരിശോധനയ്ക്ക് ശേഷവും അക്രമാസക്തനായ പ്രതിയെ സെല്ലിൽ അടച്ചിരിക്കുകയാണ്.