ബിഷപ് ജോസഫ് ജി. ഫെർണാണ്ടസ് ആരാധനക്രമത്തിൽ ഊന്നി വിശ്വാസം പകർന്നു നൽകിയ പിതാവ്: ഡോ. പോൾ ആന്റണി മുല്ലശേരി
1592063
Tuesday, September 16, 2025 6:37 AM IST
കൊല്ലം: ആരാധനക്രമത്തിൽ ഊന്നി വിശ്വാസം പകർന്നു നൽകി, സഭയെ കരുത്തോടെ നയിച്ച പിതാവായിരുന്നു ദിവംഗതനായ ബിഷപ് ജോസഫ് ജി . ഫെർണാണ്ടസെന്നു കൊല്ലം രൂപത ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി. ബിഷപ് ജോസഫ് ജി . ഫെർണാണ്ടസിന്റെ ജന്മശതാബ്ദിവേളയിൽ അദ്ദേഹത്തെ അനുസ്മരിക്കുകയായിരുന്നു ബിഷപ് പോൾ ആന്റണി മുല്ലശേരി.
വത്തിക്കാൻ സുനഹദോസ് പ്രമാണരേഖ ആഴത്തിൽ പഠിക്കുകയും സ്വന്തം രൂപതയിൽ പകർത്തുകയും ചെയ്ത ഇടയശേഷ്ഠനായിരുന്നു അദ്ദേഹം. കത്തോലിക്കവിശ്വാസത്തിനു പ്രധാന്യം നൽകുകയും ആരാധനക്രമത്തിനു കൃത്യതവരുത്തുകയും ചെയ്തുകൊണ്ടു നിയമാവലി തയാറാക്കി നൽകി.
ദീർഘവീക്ഷണത്തോടെയും കൃത്യനിഷ്ഠയോടെയും കാര്യങ്ങളെ നിരീക്ഷിക്കാനും നടപ്പിലാക്കാനുമുള്ള കഴിവ് എടുത്തുപറയേണ്ടതാണ്. വിശ്വാസപ്രമാണമായാലും പ്രാർഥനകളായാലും വിശുദ്ധ കുർബാനയായാലും സഭ അംഗീകരിച്ചതുമാത്രമേ നടപ്പിലാക്കാൻ അനുവദിച്ചിരുന്നുള്ളു. തിരുവസ്ത്രങ്ങൾ പോലും എല്ലാവരും ഉപയോഗിക്കണമെന്ന് അദ്ദേഹത്തിനു നിർബന്ധമുണ്ടായിരുന്നു.
വചനംപങ്കുവയ്ക്കാനും സഭ നിഷ്കർഷിച്ചിരിക്കുന്ന ആരാധനക്രമം നടപ്പിലാക്കാനും മാത്രം ശ്രദ്ധിച്ചു സദാപ്രാർഥനയിൽആയിരിക്കുവാൻ വൈദികന് ഇടവകഭരണം നൽകുന്പോൾ അദ്ദേഹം ഉപദേശിക്കുമായിരുന്നു. ഓരോ ഇടവകയെകുറിച്ചും അദ്ദേഹത്തിനു വ്യക്തമായ കാഴ്ചപ്പാടും അറിവുമുണ്ടായിരുന്നു. വൈദികരെ നിയോഗിക്കുന്പോൾ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങൾ വ്യക്തമായ പറഞ്ഞുകൊടുക്കുമായിരുന്നു.
വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയരുതെന്ന് അദ്ദേഹത്തിനു നിർബന്ധമുണ്ടായിരുന്നു. വൈദികരെയും സന്യസ്തരെയും പാവപ്പെട്ട ജനങ്ങളെയും രഹസ്യമായി സഹായിച്ചിട്ടുണ്ട്.
അതുപോലെ പാവപ്പെട്ടവർക്കു സ്കൂളുകളിലും സ്ഥാപനങ്ങളിലും ജോലി കൊടുക്കാൻ ശ്രദ്ധിച്ചിരുന്നു. തന്നെ ദ്രോഹിക്കുന്നവരോടും അദ്ദേഹം ക്ഷമിച്ചു. ആരോടും വിരോധം വച്ചുപുലർത്തിയിരുന്നില്ല.
കെസിവൈഎമ്മിനെ ശക്തിപ്പെടുത്തിയതു പിതാവായിരുന്നു. സംഗീതത്തെ ദൈവസ്തുതിക്കായി ആരാധനയ്ക്കുവേണ്ടി വിനിയോഗിച്ചു. നന്നായി പാടുകയും പിയാനോ നന്നായി വായിക്കുകയും ചെയ്യുമായിരുന്നു. ദൈവദാസൻ ബിഷപ് ജെറോമിന്റെ ശ്രമങ്ങളും ഉദ്യമങ്ങളും തുടരുക മാത്രമല്ല അതിനു പൂർണത നൽകിയ ഇടയശ്രേഷ്ടനുമായിരുന്നു.
കേരള സഭ നേരിടേണ്ടി വന്ന ശക്തമായ ലിബറേഷൻ മൂവ്മെന്റ് വക്താക്കളെ സൗമ്യമായും ശാന്തതയോടും കൂടി അവരെ അഭിസംബോധന ചെയ്ത കർമയോഗി ആയിരുന്നു. തീരദേശ ബൈബിൾ കൺവൻഷൻ ആരംഭിക്കുകയും വിശ്വാസികളിൽ ഒരാളെ പോലെ അവരുടെ കൂടെയിരുന്നു അതിൽ ലയിച്ചിരിക്കുന്ന പിതാവിനെ കണ്ടിട്ടുണ്ടെന്നും ബിഷപ് പോൾ ആന്റണി മുല്ലശേരി പറഞ്ഞു.