‘എംഎൽഎയ്ക്ക് ചെക്ക്വച്ച് സഹോദരിമാർ’
1591824
Monday, September 15, 2025 6:18 AM IST
ശാസ്താംകോട്ട: രാഷ്ട്രീയ കരുനീക്കങ്ങളിലെ മിടുക്കിന്റെ പിൻ ബലത്തിൽ ചെസ് ബോർഡിൽ കരുക്കൾ നീക്കാമെന്ന ആത്മവിശ്വാസത്തിലെത്തിയ കോവൂർ കുഞ്ഞുമോൻ എംഎൽഎയെ ചെക്ക് വെച്ച് മുട്ട് കുത്തിച്ച് ദേശീയ ചെസ് ചാമ്പ്യന്മാരായ സഹോദരിമാർ.
ചെസ് കളിയിൽ കാമ്പസ് കാലത്തെ മികവുകൾ കൈമോശം പോയിട്ടില്ലെന്ന് തെളിയിക്കാൻ അവസാന കരുക്കൾ നീക്കുമ്പോൾ പോലും എംഎൽഎ ശ്രദ്ധിച്ചു. തേവലക്കര ഗേൾസ് ഹൈസ്കൂളിൽ നടന്ന മെറിറ്റ് ഡേയ്ക്കിടയിലാണ് എംഎൽഎ പങ്കെടുത്ത ചെസ് മത്സരം അരങ്ങേറിയത്.
അണ്ടർ 11 സംസ്ഥാന ചാമ്പ്യനും ഏഷ്യൻ ചെസ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയ ജാനകി എന്ന വിദ്യാർഥിനിയെ ചടങ്ങിൽ എംഎൽ എ ആദരിക്കുകയുണ്ടായി. ചടങ്ങിനിടെയാണ് ജാനകിയുടെ സഹോദരിയും ദേശീയ ചെസ് ചാമ്പ്യയുമായ പൗർണമിയെ ആദരിക്കുന്ന ചടങ്ങിൽ മുമ്പൊരിക്കൽ എത്തിയപ്പോൾ ഒരു സൗഹൃദ മത്സരം കളിക്കാമെന്ന് എംഎൽഎ വാഗ്ദാനം നൽകിയ കാര്യം സംഘാടകർ ഓർമിപ്പിച്ചത്. ഇതിനു എം എൽ എ സമ്മതം മൂളിയതോടെ ചെസ് ബോർഡ് എത്തി. സഹോദരിമാർ രണ്ടുപേരുമായും എംഎൽഎ തുടർന്ന് ഏറ്റുമുട്ടി.
ദേശീയ ചെസ് ചാമ്പ്യന്മാരായ പ്രതിഭകളോട് അധികനേരം പിടിച്ചുനിൽക്കാൻ എംഎൽഎക്ക് കഴിഞ്ഞില്ല. തോൽവി സമ്മതിച്ച എംഎൽഎ ഇരുവരും ലോകമറിയുന്ന ചെസ് പ്രതിഭകളായി മാറട്ടെ എന്ന ആശംസകൾ നേർന്ന് മടങ്ങുകയായിരുന്നു. കരുനാഗപ്പള്ളി ഗവ. കോളജ് അസി. പ്രഫ. സന്ദീപ് മോഹന്റെയും തേവലക്കര ഗേൾസ് ഹൈസ്കൂൾ അധ്യാപിക വി.ജി. ദിവ്യയുടെയും മക്കളായ പൗർണമിയും ജാനകിയും കുട്ടിക്കാലം മുതൽ തന്നെ ചെസിൽ മികവ് തെളിയിച്ച് ഫിഡെ റേറ്റിംഗ് ഉൾപ്പെടെ നേടിയ താരങ്ങളാണ്.
ദേശീയ ചെസ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ പൗർണമി ഇന്ത്യയെ പ്രതിനിധീകരിച്ച് അന്തർദേശീയ മത്സരത്തിനായി തയാറെടുക്കുകയാണ്. സഹോദരി ജാനകി ആവട്ടെ ദേശീയ ചാമ്പ്യൻഷിപ്പിൽ മികവ് തെളിയിച്ച് ഏഷ്യൻ ചെസ് ചാമ്പ്യൻഷിപ്പിനായി തയാറെടുപ്പ് നടത്തുകയാണ്.