ഗൃഹനാഥനെയും മകനെയും ആക്രമിച്ചയാൾ റിമാൻഡിൽ
1591822
Monday, September 15, 2025 6:18 AM IST
കൊട്ടിയം: പോലീസിന് ഒറ്റി കൊടുത്തു എന്ന് ആരോപിച്ച് ഗൃഹനാഥനെയും മകനെയും മകന്റെ സുഹൃത്തിനെയും ക്രൂരമായി മർദിച്ച പ്രതിയെ പോലീസ് പിടികൂടി. തഴുത്തല കാവുവിള വയലിൽ പുത്തൻവീട്ടിൽ പൊട്ടാസ് നിഷാദിനെയാണ് കൊട്ടിയം പോലീസ് പിടികൂടിയത്.
ഉമയനല്ലൂർ പുതുച്ചിറ കുന്നുംപുറത്ത് വീട്ടിൽ മനു ഇയാളുടെ മകൻ അഭിമന്യു, അഭിമന്യുവിന്റെ സുഹൃത്ത് ഹാരിസ് എന്നിവർക്കാണ് പരിക്കേറ്റത്. മനുവിനെ മർദിച്ച ശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്താനുംശ്രമിച്ചു. തടസംപിടിക്കാൻ എത്തിയ മകനെയും മകന്റെസുഹൃത്തിന്റെയും തലയടിച്ചു പൊട്ടിച്ചു . മൂവരും ആശുപത്രിയിൽ ചികിത്സയിലാണ്.
ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് പൊട്ടാസ് എന്ന് വിളിക്കുന്ന നിഷാദ് . രണ്ടാഴ്ച മുമ്പാണ് കാപ്പാ കേസിൽ ഇയാളെ പിടികൂടി ജയിലിലടച്ചത്. എന്നാൽ ഹൈക്കോടതിയിൽ നിന്നും ജാമ്യം ലഭിച്ചു പുറത്തിറങ്ങിയ ശേഷമാണ് വീണ്ടും ആക്രമണവുമായി ഇറങ്ങിയത്. നിരവധി ക്രിമിനൽ കേസുകൾ ഉണ്ടായിട്ടും ജാമ്യം നേടി പുറത്തിറങ്ങുക എന്നതാണ് ഇയാളുടെ പതിവ്.
കൊട്ടിയം ഇൻസ്പെക്ടർ പി. പ്രദീപിന്റെ നേതൃത്വത്തിൽ എസ്ഐ നിതിൻ നളൻ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ജില്ലാ ആശുപത്രിയിലെത്തി ആരോഗ്യ പരിശോധനയ്ക്ക് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.