കല്ലട കെഎസ്ഇബിയിൽ ആവശ്യത്തിന് ജീവനക്കാരില്ല; ജനങ്ങൾ വലയുന്നു
1591823
Monday, September 15, 2025 6:18 AM IST
കുണ്ടറ : കിഴക്കേ കല്ലട ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്ന് ജില്ലാ വികസന സമിതി അംഗം ഏബ്രഹാം സാമുവൽ, കിഴക്കേ കല്ലട പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു ലോറൻസ് എന്നിവർ ആവശ്യപ്പെട്ടു.
അസി.എൻജിനിയർ, സീനിയർ സൂപ്രണ്ട് എന്നിവർ ഓഫീസിൽ നിലവിൽ ഇല്ല. ഇവർക്കെല്ലാംകൂടി ആകെ ഉള്ളത് ഒരു സബ് എൻജിനിയർ മാത്രം.
ഓഫീസിൽ ആവശ്യത്തിന് ഓവർസിയർമാർ, ലൈൻമാൻമാർ എന്നിവരുടെ ഒഴിവുകളും നികത്തപ്പെട്ടിട്ടില്ല. നല്ലില അസിസ്റ്റന്റ് എൻജിനീയർക്കാണ് നിലവിൽ ഓഫീസിന്റെ ചാർജ് നൽകിയിട്ടുള്ളത്. അദ്ദേഹത്തിന്റെ സേവനം പൂർണമായും ഓഫീസിൽ ലഭ്യമല്ല. ബാക്കിയുള്ള ജീവനക്കാർ എല്ലാം വിരമിച്ചു .
അവർക്ക് പകരം ആരെയും നിയമിച്ചിട്ടുമില്ല. കിഴക്കെ കല്ലട, മൺറോതുരുത്ത് പഞ്ചായത്തുകൾ പൂർണമായും കുണ്ടറ, പേരയം, പവിത്രേശ്വരം പഞ്ചായത്തകളും ഭാഗികമായി ഉൾപ്പെടുന്ന ഈ ഓഫീസ് 25000 ത്തോളം വരുന്ന ജനങ്ങളുടെ ആശ്രയ കേന്ദ്രമാണ്.
ജീവനക്കാരുടെ ഒഴിവുകൾ നികത്താൻ അടിയന്തര നടപടി ഉണ്ടാകണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.