കുടിവെള്ള പൈപ്പ് പൊട്ടി; മലയോര ഹൈവേയിൽ അപകട ഭീഷണി
1486777
Friday, December 13, 2024 6:20 AM IST
കുളത്തൂപ്പുഴ: കുടിവെള്ള വിതരണ പൈപ്പ് പൊട്ടി മലയോര ഹൈവേയുടെ അരികിൽ ഗർത്തം രൂപപ്പെട്ടു. മർദം കൂട്ടി കുടിവെള്ളം പമ്പ് ചെയ്തതിനെ തുടർന്നാണ് പൈപ്പ് പൊട്ടിയതെന്നാണ് ആക്ഷേപമുയരുന്നത്. കുളത്തൂപ്പുഴ കല്ലുവെട്ടാൻകുഴി തേക്കുംപറമ്പ് കവലയിൽ മലയോര ഹൈവേയിൽ നിന്ന് മുക്കാൽ സെന്റിലേക്കുള്ള പാത ആരംഭിക്കുന്നിടത്ത് പാതയോരത്ത് മണ്ണിനടിയിലൂടെ കടന്നുപോകുന്ന പൈപ്പ് ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
മണ്ണും ചെളിയും തെറിപ്പിച്ച് കുടിവെള്ളം പുറത്തേക്ക് ശക്തമായി ഒഴുകിയതോടെ പാതയ്ക്ക് നടുവിൽ ഗർത്തം രൂപപ്പെട്ടു. നേരം പുലർന്നപ്പോഴാണ് സംഭവം നാട്ടുകാർ അറിയുന്നത്. നാട്ടുകാർ ഇടപെട്ട് അപകടസൂചന അടയാളം സ്ഥാപിച്ചു. വീതിയുള്ള മലയോര ഹൈവേയിലൂടെ രാത്രിയിൽ എത്തുന്ന വാഹനങ്ങൾക്ക് പാതയ്ക്കരികിലെ അപകട കെണി തിരിച്ചറിയാൻ പ്രയാസമാണ്.
വളവ് തിരിഞ്ഞെത്തുന്ന വാഹനങ്ങൾ എതിർ ദിശയിൽ നിന്ന് എത്തുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ അപകടത്തിൽ പെടാനുള്ള സാധ്യത ഏറെയാണ്.അടിയന്തിരമായി അധികൃതർ ഇടപെട്ട് അപകട ഭീഷണി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
രാത്രി കാലങ്ങളിൽ മർദം കൂട്ടി പൈപ്പ് പൊട്ടിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.